ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി പ്രവേശനത്തിന് മികച്ച പ്രതികരണം
text_fieldsകൊല്ലം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി ഇക്കൊല്ലം തുടങ്ങുന്ന ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾക്ക് വിദ്യാർഥികളിൽ നിന്നും മികച്ച പ്രതികരണം. ഇതിനകം കേരളത്തിലെ റീജനൽ സെന്ററുകൾ വഴി ഒട്ടേറെ പേർ പ്രവേശന നടപടി പൂർത്തീകരിച്ചു.
ആദ്യത്തെ അപേക്ഷകയായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഗിൽബർട്ടിനു വൈസ് ചാൻസലർ ഡോ.പി.എം. മുബാറക് പാഷ അഡ്മിഷൻ കാർഡ് കൈമാറി പ്രവേശന നടപടികൾക്ക് തുടക്കംകുറിച്ചു. വിദ്യാർഥികളുടെ സൗകര്യാർഥം പൊതുഅവധി ദിവസങ്ങളിലും പ്രവേശനടപടികൾ എല്ലാ മേഖല കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശന യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധന ഇല്ല. ഓൺലൈനായി നവംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുത്ത പ്രാദേശിക കേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് അപേക്ഷകർ നേരിട്ട് ഹാജരാകണം. ടി.സി ഒഴികെയുള്ള എല്ലാ അസ്സൽ രേഖകളും അപേക്ഷകർക്കു തിരിച്ചു നൽകും. പരിശോധനക്കുള്ള തീയതി അപേക്ഷകർക്കു സ്വയം തെരഞ്ഞെടുക്കാനുള്ള സൗകര്യം അഡ്മിഷൻ ലിങ്കിൽ ഉണ്ട്.
യു.ജി.സി അംഗീകാരം ലഭിച്ച ബി.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, എം.എ ഇംഗ്ലീഷ്, മലയാളം എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലുമുള്ള ഉപ സെന്ററുകൾ വഴി കൗൺസലിങ് സെഷൻസ് ഉണ്ടായിരിക്കും.
സ്വയം പഠന സാമഗ്രികളുടെ പ്രിന്റിനോടൊപ്പം വെർച്വൽ ലേണിങ് , ഇ-കണ്ടന്റ് എന്നിവ ലഭ്യമാക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങൾ തെഞ്ഞെടുക്കുന്ന വിദ്യാർഥികൾ കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന മേഖല കേന്ദ്രത്തിലാണ് ഹാജരാകേണ്ടത് (ഫോൺ: 0495 2920228).
കണ്ണൂർ, വയനാട് കാസർകോട് ജില്ലകളിൽനിന്നുള്ളവർ തലശ്ശേരി ബ്രണ്ണൻ കോളജിൽ എത്തണം (ഫോൺ: 8281087576). തൃശൂർ, പാലക്കാട് ജില്ലയിലുള്ളവർ പട്ടാമ്പി ശ്രീനീലകണ്ഠ ഗവ.സംസ്‌കൃത കോളജിൽ എത്തണം (ഫോൺ: 0466 2912009) ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം ജില്ലയിലുള്ളവർക്ക് തൃപ്പൂണിത്തുറ മഹാരാജാസ് കോളജുമായി ബന്ധപ്പെടാം (ഫോൺ: 0484 2927436) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ ഉള്ളവർ കൊല്ലം കുരീപ്പുഴയിലുള്ള ഓപൺ യൂനിവേഴ്സിറ്റി ഹെഡ്ക്വാർട്ടേഴ്‌സിലാണ് എത്തേണ്ടത് (ഫോൺ: 04742966841). വിശദവിവരങ്ങൾക്ക്: www.sgou.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.