ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും കേരളത്തിൽ പഠിപ്പിക്കും; ചോദ്യവും ഉണ്ടാകും
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠപുസ്തകത്തിൽനിന്ന് കേന്ദ്രസർക്കാറിനു കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) വെട്ടിയ ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും കേരളത്തിൽ തുടർന്നും പഠിപ്പിക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഈ പാഠങ്ങളിൽനിന്ന് പരീക്ഷക്ക് ചോദ്യവും ഉണ്ടാകും.
വെള്ളിയാഴ്ച ചേർന്ന കരിക്കുലം സബ്കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാൽ, സയൻസ് വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി വരുത്തിയ കുറവ് അംഗീകരിക്കാനും ഈ ഭാഗങ്ങളിൽനിന്ന് പരീക്ഷക്ക് ചോദ്യം ഒഴിവാക്കാനും തീരുമാനിച്ചു. ഹയർ സെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ വരുത്തിയ കുറവാണ് അംഗീകരിക്കുന്നത്.
പാഠഭാഗങ്ങൾ ഏറെക്കുറെ പഠിപ്പിച്ചുകഴിയാറായ സാഹചര്യത്തിൽ സയൻസിൽ ഏതെങ്കിലും പാഠഭാഗം ഒഴിവാക്കാൻ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകില്ല. പകരം ഈ പാഠഭാഗങ്ങളിൽ നിന്ന് പരീക്ഷക്ക് ചോദ്യങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദ്യാർഥികൾ ഉള്ളടക്കഭാരം നേരിടുന്നെന്ന കാരണം പറഞ്ഞാണ് എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങൾ ഒഴിവാക്കിയത്. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ വരുത്തിയ കുറവ് നിക്ഷിപ്ത താൽപര്യത്തോടെയുള്ളതാണെന്ന് വിവാദമുയർന്നിരുന്നു. ഇതോടെ, സംസ്ഥാനത്തെ സ്കൂളുകളിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം പരിശോധിക്കാൻ എസ്.സി.ഇ.ആർ.ടിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി. ആഗസ്റ്റിൽ എസ്.സി.ഇ.ആർ.ടി സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് കരിക്കുലം സബ്കമ്മിറ്റി യോഗതീരുമാനം.
പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകമായ 'ഇന്ത്യൻ രാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി മുതൽ' എന്നതിലെ 'ഗുജറാത്ത് കലാപം' പാഠഭാഗം എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയിരുന്നു. കേരളത്തിൽ ഇത് പഠിപ്പിക്കുകയും പാഠഭാഗം മൂല്യനിർണയത്തിനായി പരിഗണിക്കുകയും ചെയ്യും. പ്ലസ് ടു ക്ലാസിലെ 'ഇന്ത്യ ചരിത്രത്തിലെ പ്രമേയങ്ങൾ' എന്ന ചരിത്ര പാഠപുസ്തകത്തിലെ 'രാജാക്കന്മാരും ദിനവൃത്താന്തങ്ങളും -മുഗൾ രാജസഭകൾ' എന്ന പാഠഭാഗവും എൻ.സി.ഇ.ആർ.ടി ഒഴിവാക്കി. ഇതും പഠിപ്പിക്കുകയും മൂല്യനിർണയത്തിന് പരിഗണിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.