‘ഗൾഫ് മാധ്യമം എജുകഫെ’ നവംബർ 15, 16 തീയതികളിൽ
text_fieldsദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘ഗൾഫ് മാധ്യമം എജുകഫെ’യുടെ ഒമ്പതാം സീസൺ നവംബർ 15, 16 തീയതികളിൽ നടക്കും. ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയാണ് മേളക്ക് വേദിയാകുന്നത്. ‘ഗൾഫ് മാധ്യമ’വും ‘എജുകഫെ’യിൽ പങ്കെടുക്കുന്ന വിവിധ സ്കൂളുകളും പങ്കാളിത്തം വഹിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേള അടക്കമുള്ള പരിപാടികളുടെ പശ്ചാത്തലത്തിലാണ് നേരത്തെ നിശ്ചയിച്ച തീയതി ഒരാഴ്ച നീട്ടിയത്.
കൂടുതൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാൻ ഇതുവഴി അവസരമൊരുങ്ങും. വിജ്ഞാനത്തിന്റെയും കരിയർ സാധ്യതകളുടെയും പുതുവഴികൾ വിദ്യാർഥികൾക്ക് സമ്മാനിച്ച് വിജയകരമായ എട്ട് സീസണുകൾ പൂർത്തിയാക്കിയാണ് മഹാമേളയുടെ പുതിയ സീസൺ ഒരുങ്ങുന്നത്.
5,000 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ‘എജുകഫെ’യിൽ ഇത്തവണ രാജ്യത്തിനകത്തും പുറത്തുമുള്ള 50ലേറെ സർവകലാശാലകളുടെ പ്രദർശനങ്ങളുണ്ടാകും. വിദേശപഠനം, സ്കോളർഷിപ്പുകൾ, എൻട്രൻസ് കോച്ചിങ്, ടെക്നോളജി രംഗത്തെ പുതിയ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളൊരുക്കും. മോട്ടിവേഷൻ, കൗൺസലിങ്, കരിയർ പ്ലാനിങ്, പ്രിൻസിപ്പൽസ് ടോക്ക്, വൺ ടു വൺ ഇന്ററാക്ഷൻ, സൈക്കോളജിക്കൽ കൗൺസലിങ്, കരിയർ മാപ്പിങ്, അഭിരുചി പരീക്ഷകൾ, മോക് ടെസ്റ്റുകൾ തുടങ്ങി അധ്യാപകർക്കും വിദ്യാർഥികൾക്കുമായുള്ള വ്യത്യസ്ത സെഷനുകളും പ്രമുഖർ പങ്കെടുക്കുന്ന വിനോദപ്രദമായ പരിപാടികളും മേളയിൽ ഉൾപ്പെടുത്തും. ആഗോള വിദ്യാഭ്യാസ മേളയെന്ന കാഴ്ചപ്പാടിൽ വിദ്യാഭ്യാസ രംഗത്തെ നവീന സാധ്യതകൾ പരിചയപ്പെടുത്തുന്ന വിദഗ്ധരുടെ സെഷനുകൾ വിവിധ രാജ്യക്കാരായ വിദ്യാർഥികൾക്ക് ഉപകാരപ്പെടും. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് മേളയുടെ ഡിസൈൻ. ബഹിരാകാശ പഠനരംഗത്തെ ഭാവി സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാങ്കേതിക മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾക്ക് മേള വേദിയാകും.
മേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും.കഴിഞ്ഞ സീസണിൽ ആരംഭിച്ച സംരംഭത്തിൽ നിരവധി സ്കൂൾ വിദ്യാർഥികളാണ് പുരസ്കാരത്തിനായി നവീന കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി നടത്തുന്ന മത്സരത്തിൽ രണ്ട് ഘട്ടങ്ങളായി പ്രഗല്ഭരായ വ്യക്തിത്വങ്ങളാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെ വെബ്സൈറ്റിൽ (https://www.myeducafe.com/) രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമായിരിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് ഫോൺ: +971 504851700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.