മലയാളം നിഘണ്ടു മേധാവി സംസ്കൃതം നിഘണ്ടു നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചെന്ന്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ മലയാള മഹാനിഘണ്ടു മേധാവിയായി നിയമനം നൽകിയ ഡോ. പൂർണിമ മോഹൻ നേരത്തേ സംസ്കൃതം നിഘണ്ടു തയാറാക്കാനുള്ള ചുമതല പാതിവഴിയിൽ ഉപേക്ഷിച്ചയാളെന്ന് രേഖകൾ. മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആർ. മോഹെൻറ ഭാര്യ ഡോ. പൂർണിമയെ 2012ലാണ് സംസ്കൃതഭാഷാ നിഘണ്ടു തയാറാക്കാനുള്ള േപ്രാജക്ട് യു.ജി.സി ഏൽപിച്ചത്.
ഇതുവരെ നിഘണ്ടുവിെൻറ പ്രാരംഭ പ്രവർത്തനങ്ങൾപോലും നടത്തിയില്ല. നിഘണ്ടു നിർമാണത്തിന് കേന്ദ്രസർക്കാർ തുക അനുവദിച്ചതിെൻറ രേഖകളും പുറത്തുവന്നു. ബഹുഭാഷാ പണ്ഡിതയായതുകൊണ്ടാണ് ഡോ. പൂർണിമയെ സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾ ലംഘിച്ച് മലയാളം നിഘണ്ടു (ലക്സിക്കൺ) എഡിറ്ററായി നിയമിച്ചതെന്നാണ് കേരള സർവകലാശാലയുടെ വിശദീകരണം.
2012 ഫെബ്രുവരിയിൽ ദ്രാവിഡ ഭാഷയുടെയും ഇൻഡോ യൂറോപ്യൻ ഭാഷകളുടെയും മൾട്ടികൾച്ചറൽ നിഘണ്ടു തയാറാക്കാനാണ് യു.ജി.സി ഡോ. പൂർണിമയെ ചുമതലപ്പെടുത്തിയത്. ഇതിനായി 7.8 ലക്ഷം രൂപ അനുവദിച്ചു. ഫെബ്രുവരി 2012 ലെ യു.ജി.സി ഉത്തരവ് പ്രകാരം ഡിസംബർ മാസത്തിൽ ഈ തുക കേന്ദ്ര സർക്കാർ സർവകലാശാലക്ക് കൈമാറിയിരുന്നു. അഞ്ചുവർഷം പിന്നിട്ടിട്ടും പ്രോജക്റ്റ് ആരംഭിക്കാത്തതുകൊണ്ട് അനുവദിച്ച തുക മടക്കിനൽകാൻ സംസ്കൃത സർവകലാശാലാധികൃതർ പൂർണിമ മോഹന് നിർദേശം നൽകി.
രണ്ടുവർഷമാണ് നിഘണ്ടു നിർമാണത്തിന് യു.ജി.സി അനുവദിച്ചിരുന്നത്. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് പ്രോജക്ട് ഡയറക്ടറായ പൂർണിമ വരുത്തിയതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫിസിെൻറ സമ്മർദത്തിന് വഴങ്ങിയാണ് സർവകലാശാല ഓർഡിനൻസിലെ യോഗ്യതകളിൽ മാറ്റംവരുത്തി പൂർണിമയെ 'കേരള'യിൽ നിയമിച്ചതെന്നാണ് ആക്ഷേപം. നിഘണ്ടു നിർമാണത്തിൽ അറിവില്ലെന്ന് തെളിയിച്ച പൂർണിമ മോഹന് മലയാള മഹാനിഘണ്ടു മേധാവിയായി നിയമനം നൽകിയ കേരള സർവകലാശാലയുടെ നടപടി റദ്ദാക്കാൻ വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.