കാലിക്കറ്റ് ബി.എ ഫീസ് 6,135; ഓപൺ സർവകലാശാല 17,980: ശ്രീനാരായണ ഓപൺ വാഴ്സിറ്റിയില്‍ പൊള്ളും ഫീസ്
text_fieldsകൊച്ചി: ശ്രീനാരായണ ഓപൺ സർവകലാശാലയില്‍ ബിരുദ -ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് കഴുത്തറുപ്പന്‍ ഫീസ്. കാലിക്കറ്റ് സർവകലാശാലയുടെ വിദൂര പഠന കോഴ്സുകൾക്കുള്ള ഫീസിന്‍റെ മൂന്നിരട്ടിയോളമാണ് ഓപൺ സർവകലാശാലയുടേത്. ബി.എക്ക് മൂന്ന് വർഷവും ചേർത്ത് കാലിക്കറ്റിൽ 6,135 രൂപ മാത്രമാണ് ഫീസ്. ഓപൺ സർവകലാശാലയുടെ ഫീസ് 17,980 രൂപ. ബി.കോമിന് കാലിക്കറ്റിൽ 6,795 രൂപ മാത്രം ഉള്ളപ്പോൾ ശ്രീനാരായണ ഓപൺ സർവകലാശാലയുടെ ഫീസ് 23,980 രൂപയാണ്.
കാലിക്കറ്റിൽ പി.ജി കോഴ്‌സുകൾക്ക് രണ്ടുവർഷത്തേക്കും കൂടി 6,020 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്. ഓപൺ സർവകലാശാലയുടെ പി.ജി കോഴ്‌സുകൾക്ക് 14,770 രൂപ ഒടുക്കണം. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഇരു സർവകലാശാലയുടെയും അറിയിപ്പ് പുറത്തുവന്നപ്പോഴാണ് ഫീസിലെ വലിയ അന്തരം പ്രകടമായത്. കേരള, എം.ജി സർവകലാശാലകളുടെ നോട്ടിഫിക്കേഷൻ വരാനിരിക്കുന്നതേയുള്ളൂ. ഓപൺ സർവകലാശാല നിയമത്തിലെ 47(2), 72 വ്യവസ്ഥകളിലൂടെ കേരളത്തിലെ മറ്റു സർവകലാശാലകളിൽ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകളും പ്രൈവറ്റ് രജിസ്ട്രേഷനും നിരോധിച്ചിട്ടുണ്ട്. അതിനാൽ ഫീസ് കുറവുള്ള സർവകലാശാലയിൽ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരവുമില്ല. ഓപൺ സർവകലാശാലക്ക് യു.ജി.സി അംഗീകാരമുള്ളത് അഞ്ച് ബിരുദ കോഴ്സുകൾക്കും (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം) രണ്ട് പി.ജി കോഴ്സുകൾക്കും (മലയാളം, ഇംഗ്ലീഷ്) മാത്രമാണ്. ഹൈകോടതി അനുമതിയുണ്ടെങ്കിലും സംസ്ഥാനത്തെ സർവകലാശാലകളൊന്നും ഈ വർഷം ഇതുവരെ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചിട്ടുമില്ല.
കാലിക്കറ്റിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ഉണ്ടായിരുന്ന സമയത്ത് മൂന്നുവർഷത്തെ ഡിഗ്രി കോഴ്സുകൾക്ക് വെറും 2050 രൂപമാത്രമാണ് ഈടാക്കിയിരുന്നത്. അതിന്‍റെ ഇരട്ടിയിലേറെയാണ് ഇപ്പോൾ വിദൂര പഠനത്തിന് ഈടാക്കുന്നത്.
ഓപൺ സർവകലാശാല ഇത്രയും ഫീസ് ഈടാക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ലെന്ന് പാരലൽ കോളജ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. അശോക്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.