നിയമലംഘനത്തിന് പിഴ അഞ്ചു കോടി വരെ: വിപുല അധികാരത്തോടെ ഉന്നത വിദ്യാഭ്യാസ കമീഷൻ ബിൽ പുതുക്കി
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ നിയമലംഘനം നടത്തുന്നവർക്ക് അഞ്ചു കോടി രൂപ പിഴ ശിക്ഷ വരെ വിധിക്കാവുന്നവിധം വിപുലമായ അധികാരങ്ങളുള്ള നിർദിഷ്ട ഉന്നത വിദ്യാഭ്യാസ കമീഷൻ (എച്ച്.ഇ.സി.ഐ) ബില്ലിന് അന്തിമ രൂപമായി. കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബിൽ പ്രകാരം, സ്ഥാപനം നടത്തുന്ന ഏതു നിയമലംഘനത്തിനും അതിന്റെ മേലധികാരി ശിക്ഷാർഹനായിരിക്കും. ഉത്തരവാദിയല്ലെങ്കിൽ അത് മേലധികാരി തെളിയിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ഏകീകരിക്കാനുദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ ബില്ലിൽ ഉന്നത വിദ്യാഭ്യാസ കമീഷന് 15 അംഗ ഭരണസമിതിയാണ് നിർദേശിച്ചിരിക്കുന്നത്. ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമുള്ള കമീഷനിൽ ഒരു സംസ്ഥാന സർവകലാശാല വൈസ് ചാൻസലറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലുകളിൽനിന്ന് രണ്ട് പ്രഫസർമാരും അംഗങ്ങളാകണം.
കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര ധനകാര്യ സെക്രട്ടറി, ഒരു കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ, ഒരു നിയമ വിദഗ്ധൻ, ഒരു ഉന്നത വ്യക്തിത്വം എന്നിവരും ഉണ്ടാകും. സംസ്ഥാനങ്ങളിൽനിന്ന് പ്രതിനിധികളില്ലാതെ 2018ൽ കൊണ്ടുവന്ന ഉന്നത വിദ്യാഭ്യാസ കമീഷൻ (എച്ച്.ഇ.സി.ഐ) ബിൽ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. സംസ്ഥാന സർക്കാറുകളുടെ അധികാരം കവർന്ന് ഉന്നത വിദ്യാഭ്യാസ മേഖല പൂർണമായും കേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമമാണെന്നായിരുന്നു വിമർശനം. സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ ബില്ലിൽ ഈ പരാതി മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. അതേസമയം, കമീഷൻ ചെയർപേഴ്സനെയും വൈസ് ചെയർപേഴ്സനെയും നീക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന പഴയ വിവാദ വ്യവസ്ഥ ഭേദഗതിയോടെ നിലനിർത്തിയിട്ടുണ്ട്. സിറ്റിങ് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് അനുസൃതമായി മാത്രമേ നീക്കം ചെയ്യാവൂ എന്നാണ് ഭേദഗതി.
പൊതുവിഷയങ്ങൾ പഠിപ്പിക്കുന്ന സർവകലാശാലകളെയും കോളജുകളെയും നിയന്ത്രിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനും (യു.ജി.സി) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിനും
(എ.ഐ.സി.ടി.ഇ) മുകളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരമോന്നത വേദിയായിട്ടാണ് എച്ച്.ഇ.സി.ഐ വരുന്നത്. 2020ലെ പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശിച്ച പോലെ വൈദ്യ മേഖലയിലെയും നിയമ മേഖലയിലെയും ഉന്നത പഠനം പുതിയ കമീഷന്റെ അധികാര പരിധിയിൽനിന്ന് ഒഴിവാക്കി. കമീഷന് കീഴിൽ ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ കൗൺസിൽ, ദേശീയ അക്രഡിറ്റേഷൻ കൗൺസിൽ, ഉന്നത വിദ്യാഭ്യാസ ഗ്രാന്റ്സ് കൗൺസിൽ, പൊതു വിദ്യാഭ്യാസ കൗൺസിൽ എന്നിങ്ങനെ നാല് കൗൺസിലുകളുണ്ടാകും.
ഗ്രാന്റുകൾ അനുവദിക്കുക ഉപദേശക കൗൺസിൽ ആയിരിക്കുമെന്ന പഴയ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥക്ക് പകരം സാങ്കേതിക വിദ്യയിലൂടെ സുതാര്യമായ സംവിധാനത്തിലൂടെ ഗ്രാന്റുകൾ നൽകുമെന്നാണ് പറയുന്നത്. 1956ലെ യു.ജി.സി നിയമ പ്രകാരം പ്രവർത്തിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്, നിയമലംഘനത്തിന് പരമാവധി ഈടാക്കാവുന്ന പിഴത്തുക ആയിരം രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.