വിവാദ മാർക്കുദാനം പിൻവലിച്ച എം.ജി സർവകലാശാല നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: എതിർപ്പിനെത്തുടർന്ന് വിവാദ മാർക്കുദാനം പിൻവലിച്ച എം.ജി സർവകലാശാല നടപടി ഹൈകോടതി റദ്ദാക്കി. സിൻഡിക്കേറ്റ് മോഡറേഷൻ എന്ന പേരിൽ നൽകിയ മാർക്ക് റദ്ദാക്കിയതിനാൽ മാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റുകളും പിൻവലിച്ച സർവകലാശാല നടപടി ചോദ്യം ചെയ്ത് ഒരുകൂട്ടം എൻജിനീയറിങ് ബിരുദധാരികൾ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്. മാർക്കുദാനം പിൻവലിച്ച ഉത്തരവിൽ തുടർനടപടി പാടില്ലെന്നും കോടതി നിർദേശിച്ചു.
എൻജിനീയറിങ്ങിൽ ഒരു വിഷയത്തിൽ മാത്രം തോറ്റ വിദ്യാർഥികൾക്ക് അഞ്ചുമാർക്ക് സിൻഡിക്കേറ്റ് മോഡറേഷൻ നൽകാനുള്ള 2019 മേയ് 17ലെ സർവകലാശാലാ തീരുമാനത്തെ തുടർന്ന് 116 വിദ്യാർഥികളെ വിജയിപ്പിച്ചു.
എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലേക്ക് എൻജിനീയറിങ് കോഴ്സുകൾ മാറ്റുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. എന്നാൽ, മാർക്കുദാനത്തിൽ എതിർപ്പ് രൂക്ഷമായതോടെ 2019 ഒക്ടോബർ 26ന് ഇത് റദ്ദാക്കി.
തുടർന്നാണ് ഇത്തരത്തിൽ ജയിച്ച കുട്ടികളുടെ മാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റും പിൻവലിച്ചത്. ബിരുദ സർട്ടിഫിക്കറ്റ് നൽകിയ സാഹചര്യത്തിൽ തങ്ങൾ ജയിച്ചതായി കണക്കാക്കണമെന്നും ഇത്തരമൊരു അവകാശം തങ്ങൾക്കുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
മോഡറേഷനിലൂടെ ജയിച്ചവവരുടെ നിലവിലെ അവസ്ഥ പരിഗണിക്കാതെ പൊതുജനങ്ങളുടെ എതിർപ്പിെൻറ പേരിൽ തീരുമാനം പിൻവലിക്കാൻ സർവകലാശാലക്ക് കഴിയുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞു. മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും പിൻവലിക്കാനുള്ള തീരുമാനം വേണ്ടത്ര ചിന്തിക്കാതെയുള്ളതാണെന്ന് കരുതണം. നിലവിലെ ചട്ടങ്ങളുടെയും മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ വേണം ഇത്തരം നടപടികൾ സ്വീകരിക്കാൻ. ചില പ്രത്യേക സാഹചര്യങ്ങളിൽ ഡിഗ്രി സർട്ടിഫിക്കറ്റ് പിൻവലിക്കാൻ ചട്ടത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നിലവിലെ കേസ് അതിലുൾപ്പെടുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.