ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനം ശരിവെച്ച് ഹൈകോടതി; ഹരജികൾ തള്ളി
text_fieldsകൊച്ചി: സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ്, എൻ.സി.സി, സ്കൗട്സ് സർട്ടിഫിക്കറ്റുള്ള വിദ്യാർഥികൾക്ക് 2020_-21 അക്കാദമിക് വർഷം ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിെര നൽകിയ ഹരജികൾ ഹൈകോടതി തള്ളി. കോവിഡ് പശ്ചാത്തലത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ഗ്രേസ് മാർക്ക് നൽകുന്നത് ശരിയല്ലെന്ന സർക്കാർ നിലപാട് ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. കോഴിക്കോട് മുക്കം സ്വദേശിയായ 10ാം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാൻ ഉൾപ്പെടെ വിദ്യാർഥികളും കെ.എസ്.യുവുമാണ് ഹരജി നൽകിയിരുന്നത്.
സ്കൂളുകൾ അടച്ചിട്ടിരുന്നതിനാൽ ഇൗ അധ്യയന വർഷം എൻ.സി.സി, സ്കൗട്ട്, എൻ.എസ്.എസ് തുടങ്ങിയവയുടെ പ്രവർത്തനം നടന്നില്ലെന്നും ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടെന്നുമായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശം.
എന്നാൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഗ്രേസ് മാർക്ക് ഒഴിവാക്കുമെങ്കിലും ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വിദ്യാർഥികളുടെ താൽപര്യം ഏത് രീതിയിലാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്ന് കോടതിയും അഭിപ്രായപ്പെട്ടു.
ഇത്തവണ വിജയശതമാനം വളരെ ഉയർന്നതായതിനാൽ ചെറിയൊരു വിഭാഗത്തിന് ഗ്രേസ് മാർക്ക് നൽകുന്നത് അക്കാദമിക് മികവിെൻറ മാത്രം അടിസ്ഥാനത്തിൽ ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥി വിഭാഗത്തെയാകെ ബാധിക്കുമെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു. ഇൗ അധ്യയന വർഷം മാത്രമാണ് ഗ്രേസ് മാർക്ക് ഒഴിവാക്കുന്നതെന്നതുകൂടി വിലയിരുത്തിയാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.