മലബാറിൽ കൂടുതൽ കോളജ് വേണമെന്ന് ഉന്നത വിദ്യാഭ്യാസ കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന കുട്ടികളുടെ അനുപാതം (ജി.ഇ.ആർ) വർധിപ്പിക്കാൻ മലബാർ മേഖലയിൽ കൂടുതൽ കോളജുകൾ അനുവദിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷന്‍റെ ശിപാർശ. ഉന്നത പഠനത്തിന് ഏറ്റവും കുറവ് സൗകര്യം അനുഭവപ്പെടുന്ന കാസർകോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ പിന്നാക്ക ജില്ലകളിൽ കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ബി.ആർ. അംബേദ്കർ യൂനിവേഴ്സിറ്റി മുൻ വി.സിയും ഡൽഹി യൂനിവേഴ്സിറ്റി മുൻ പ്രഫസറുമായ ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷന്‍റെ ഇടക്കാല റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
മലബാർ മേഖലയിലെ ഉപരിപഠന സൗകര്യത്തിന്‍റെ അപര്യാപ്തതയും കൂടുതൽ സൗകര്യമൊരുക്കണമെന്നും സമീപകാലത്ത് ആദ്യമായാണ് സർക്കാർ നിയോഗിച്ച കമീഷൻ എടുത്തുപറയുന്നത്. മലബാർ മേഖലയിൽ ഉന്നത പഠനത്തിന് അഭിമുഖീകരിക്കുന്ന പ്രശ്നം നേരിടാൻ വ്യക്തമായ പദ്ധതി അന്തിമ റിപ്പോർട്ടിൽ സമർപ്പിക്കുമെന്നും പറയുന്നു. സംസ്ഥാനത്ത് ജി.ഇ.ആർ ഉയർത്താൻ ഉന്നത പഠനത്തിനുള്ള അവസരങ്ങളിലെ പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കണം.
പഴയ കൊച്ചിയെയും തിരുവിതാംകൂറിനെയും അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാർ വ്യക്തമായ പിന്നാക്കാവസ്ഥ നേരിടുന്നു. 2011ലെ ജനസംഖ്യപ്രകാരം 1,35,619 പേർക്ക് തിരുവിതാംകൂറിൽ ഒരു കോളജ് എന്ന ക്രമത്തിലുണ്ട്. കൊച്ചിയിൽ 1,35,961 പേർക്ക് ഒരു കോളജുണ്ട്. എന്നാൽ, മലബാറിൽ 1,85,521 പേർക്കാണ് ഒരു കോളജ്. സംസ്ഥാന ശരാശരിക്കും (1,53,860 പേർക്ക് ഒരു കോളജ്) താഴെയാണ് മലബാറിലെ സൗകര്യം. തിരുവിതാംകൂറിലും കൊച്ചിയിലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രൈവറ്റ് എയ്ഡഡ് കോളജുകൾ പ്രധാന പങ്ക് വഹിക്കുമ്പോൾ മലബാറിൽ ഇതു പ്രധാനമായും സർക്കാർ കോളജുകളുടെ വളർച്ചയെ ആശ്രയിച്ചാണിരിക്കുന്നത്.
മലബാറിനകത്തും കോളജുകളുടെ വ്യാപനത്തിൽ വലിയ വ്യത്യാസമുണ്ട്.
കാസർകോട് ജില്ലയാണ് ജനസംഖ്യാടിസ്ഥാനത്തിൽ കോളജ് പഠന സൗകര്യം ഏറ്റവും കുറഞ്ഞ ജില്ല. മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നിൽ. കാസർകോട്ട് 2,17,100 പേർക്കാണ് ഒരു കോളജുള്ളത്. മൊത്തം എൻറോൾമെൻറ് അനുപാതം ഉയരണമെങ്കിൽ അതോടൊപ്പം മേഖല തലത്തിലുള്ള അവസര ലഭ്യതയും ഉയരണമെന്നും കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
എസ്.സി, എസ്.ടി ആൺകുട്ടികളുടെ എൻറോൾമെൻറ് അനുപാതത്തിലുള്ള കുറവും കമീഷൻ ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ചേരാത്ത ഈ വിഭാഗങ്ങളിലെ കുട്ടികളെ അതിനു പ്രേരിപ്പിക്കാൻ ഹോസ്റ്റൽ, ട്യൂഷൻ ഫീസുകൾ പൂർണമായും ഒഴിവാക്കാൻ കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.