കാലിക്കറ്റ്: കോവിഡ് ബാധിച്ച് പരീക്ഷ നഷ്ടപ്പെട്ടവരുടെ ഉപരിപഠനം അവതാളത്തിൽ
text_fieldsമലപ്പുറം: കോവിഡ് ബാധിച്ചത് മൂലം പരീക്ഷയെഴുതാൻ കഴിയാതിരുന്ന കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ വിദ്യാർഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിൽ. 2018-2021 ബിരുദ ബാച്ച് പരീക്ഷകൾ പൂർത്തിയാക്കി പി.ജി പ്രവേശനത്തിന് ഒരുങ്ങവേയാണ് നിരവധി പേരുടെ തുടർപഠനം അവതാളത്തിലായിരിക്കുന്നത്. കോവിഡ് ബാധിതരായതിനാൽ പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിൽ ഇരുന്ന് പരീക്ഷ എഴുതാൻ ഇവർ സന്നദ്ധരായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. നാല്, അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളിൽ പലതും ഇതോടെ നഷ്ടപ്പെട്ടു. ഇത്തരക്കാർക്ക് ഉപരിപഠനത്തിന് തടസ്സം വരാത്ത രീതിയിൽ യഥാസമയം പ്രത്യേക പരീക്ഷ നടത്തുമെന്ന സർവകലാശാല അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിലും സ്വയംഭരണ കോളജുകളിലും പി.ജി, ബി.എഡ് ഉൾപ്പെടെ കോഴ്സുകളിലേക്ക് പ്രവേശന നടപടി അവസാനിക്കുകയാണ്. വിദ്യാർഥികൾ പല തവണ ആവശ്യപ്പെട്ടിട്ടും ഇതിന് മുമ്പ് പരീക്ഷകൾ നടത്തി ഫലപ്രഖ്യാപനമുണ്ടാവുമെന്ന ഉറപ്പ് സർവകലാശാല നൽകുന്നില്ല.
കഴിഞ്ഞ ദിവസമാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ ടൈം ടേബിൾ വന്നത്. ഇത് തുടങ്ങുന്നത് സെപ്റ്റംബർ 23നാണ്. പല പി.ജി അഡ്മിഷനും ഇതിന് മുമ്പ് അവസാനിക്കും. അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ കാര്യത്തിൽ ഒരു അനക്കവുമില്ല. പരീക്ഷ കഴിഞ്ഞ് ഫലം വരുമ്പോഴേക്കും ഉപരിപഠന വാതിലുകൾ അടക്കപ്പെടുമെന്നും ഒരു വർഷം പൂർണമായി നഷ്ടപ്പെടുമെന്നും വിദ്യാർഥികൾ പറയുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രത്യേക പരീക്ഷ നടത്തി തുടർപഠനം സാധ്യമാക്കുന്ന വിധത്തിൽ ഗ്രേഡ് കാർഡ് ലഭിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം ഇേൻറണൽ മാർക്ക് അടിസ്ഥാനത്തിലെങ്കിലും ഉപരിപഠനം സാധ്യമാക്കണമെന്നും ഇവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.