ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാൻ കൂട്ടയിടി; ഹയർ സെക്കൻഡറി പ്രവേശന, പരീക്ഷ പോർട്ടലുകൾ പണിമുടക്കി
text_fieldsതിരുവനന്തപുരം: നിശ്ചയിച്ചതിലും നേരത്തേ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതോടെ ഹയർ സെക്കൻഡറി പ്രവേശന പോർട്ടലും പരീക്ഷ പോർട്ടലും ഒന്നിച്ച് പണിമുടക്കി. വെള്ളിയാഴ്ച രാവിലെ എട്ടോടെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും ഭൂരിഭാഗം വിദ്യാർഥികൾക്കും വിവരം പരിശോധിക്കാൻ വൈകീട്ട് വരെ പോർട്ടലിൽ പോലും പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.
വിദ്യാർഥികൾ കൂട്ടത്തോടെ അലോട്ട്മെന്റ് പരിശോധിക്കാൻ പോർട്ടലിൽ പ്രവേശിച്ചതാണ് സംവിധാനം ഒന്നടങ്കം പണിമുടക്കാൻ കാരണമായതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, 4.71 ലക്ഷം കുട്ടികൾ അപേക്ഷിച്ച പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനാവശ്യമായ സാങ്കേതിക ക്രമീകരണം എൻ.ഐ.സി ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്.
ഞായറാഴ്ച വൈകീട്ട് അഞ്ചു വരെയാണ് അപേക്ഷയിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനുമുള്ള സമയം. ആദ്യദിവസം ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ തിരുത്തലിനുള്ള സമയം ദീർഘിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടിന് പ്രസിദ്ധീകരിക്കുമെന്നറിയിച്ച ട്രയൽ അലോട്ട്മെന്റ് നിശ്ചയിച്ചതിലും നേരത്തേ വന്നതോടെ ഹയർസെക്കൻഡറി സേ പരീക്ഷ/അനുബന്ധ ജോലികൾ ഓൺലൈനായി പൂർത്തിയാക്കേണ്ട ഐ. എക്സാം പോർട്ടലും പണിമുടക്കി.
പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളൊന്നും സമയബന്ധിതമായി പോർട്ടലിൽ നിന്നെടുക്കാൻ കഴിയാത്ത അവസ്ഥയായി. പേപ്പർ പാക്ക് ചെയ്ത് മൂല്യ നിർണയ ക്യാമ്പുകളിലേക്കയക്കാനോ പരീക്ഷ കഴിഞ്ഞ് സ്വന്തം സ്കൂളിലേക്ക് മടങ്ങിപ്പോകേണ്ട അധ്യാപകർക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകാനോ കഴിഞ്ഞില്ല. പരീക്ഷ നടപടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അധ്യാപകർക്ക് വെള്ളിയാഴ്ച ജുമുഅ പ്രാർഥനയിൽ പങ്കെടുക്കാനും സാധിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
അതേസമയം, 10 ശതമാനം കമ്യൂണിറ്റി േക്വാട്ട സീറ്റ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ എൻ.എസ്.എസ് അപ്പീൽ സമർപ്പിക്കുമെന്ന സാഹചര്യത്തിലാണ് ട്രയൽ അട്ടേ്മെന്റ് നേരത്തേ പ്രസിദ്ധീകരിച്ചതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.