ഹയർ സെക്കൻഡറി പ്രവേശനം: അധിക സീറ്റല്ല,അധിക ബാച്ച് വേണം - കമീഷനു മുന്നിൽ പരാതി പ്രളയം
text_fieldsകോഴിക്കോട്: ഹയർ സെക്കൻഡറി വിദ്യാഭ്യാസരംഗത്ത് മലബാർ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം അധികൃതർക്കു മുന്നിൽ ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു ശിക്ഷക് സദനിൽ നടന്ന സിറ്റിങ്. ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കുന്നതിനും നിലവിലുള്ള ബാച്ചുകൾ പുനഃ ക്രമീകരിക്കുന്നതിനുമായി സർക്കാർ നിയോഗിച്ച കമീഷനു മുന്നിലാണ് മലബാറിന്റെ നിത്യപ്രശ്നവുമായി അധ്യാപക-വിദ്യാർഥി സംഘടനകൾ പരാതിയുടെ കെട്ടഴിച്ചത്.
മുൻ ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ അധ്യക്ഷനായ സമിതിയാണ് സിറ്റിങ്ങിനെത്തിയത്. ഹയർ സെക്കൻഡറി പ്രവേശനസമയത്ത് സ്ഥിരമായി മലബാർ മേഖലയിൽനിന്നുയരുന്ന പരാതിയാണ് സീറ്റുകളുടെ അപര്യാപ്തത. അധിക സീറ്റുകൾ അനുവദിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഇതിന് താൽക്കാലിക പരിഹാരം കണ്ടുവരുന്നത്.
തിങ്ങിനിറഞ്ഞ ക്ലാസ് മുറികളും അലങ്കോലമായ പഠനാന്തരീക്ഷവുമാണ് ഇതിന്റെ ഫലമായുണ്ടാകുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ തിരുകിക്കയറ്റൽ അവസാനിപ്പിക്കാനും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനും അധിക സീറ്റുകളല്ല, അധിക ബാച്ചുകൾ തന്നെ അനുവദിക്കണമെന്നും നിലവിൽ ഹൈസ്കൂളുകൾ മാത്രമായി പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കണമെന്നും സിറ്റിങ്ങിൽ പങ്കെടുത്ത സംഘടനകളും വിദ്യാർഥി സംഘടന പ്രതിനിധികളും ആവശ്യം ഉന്നയിച്ചു.
കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ, വയനാട്, തൃശൂർ എന്നീ ആറു ജില്ലകളിൽനിന്നുള്ള പ്രതിനിധികളാണ് കമീഷനു മുന്നിൽ പരാതികളുടെ കെട്ടഴിച്ചത്. അധിക സീറ്റുകൾ അനുവദിക്കുമ്പോൾ തിരു-കൊച്ചി മേഖലയിലെ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ മലബാർ മേഖലയിലെ മുഴുവൻ എ പ്ലസ് നേടിയവർ സീറ്റില്ലാതെ നെട്ടോട്ടത്തിലാകുന്നത് പൊതുവെ ചൂണ്ടിക്കാണിക്കപ്പെട്ടു.
കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ പോലുള്ള അധ്യാപക സംഘടനകളും എം.എസ്.എഫ്, ഫ്രറ്റേണിറ്റി, വെൽഫെയർ പാർട്ടി തുടങ്ങിയ നിരവധി സംഘടനകളും കമീഷനു മുന്നിൽ നിർദേശങ്ങൾ സമർപ്പിച്ചു. ഹയർ സെക്കൻഡറി മെംബർ സെക്രട്ടറി സുരേഷ് കുമാർ, ആർ.ഡി.ഡിമാരായ പി.എം. അനിൽ, അശോക് കുമാർ എന്നിവരും സിറ്റിങ്ങിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.