ഹയർ സെക്കൻഡറി: എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പുവരുത്തും -മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്‍റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വിദ്യാർഥികളുടെ അപേക്ഷകൾ പരിഗണിച്ച് ട്രയൽ അലോട്ട്മെന്‍റ് സെപ്റ്റംബർ 13ന് പ്രസിദ്ധീകരിച്ച് ഓപ്‌ഷനുകൾ ഉൾപ്പെടെ തിരുത്തലുകൾ വരുത്താൻ സെപ്റ്റംബർ 17ന് വൈകീട്ട് അഞ്ച് വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്‍റിന് പരിഗണിച്ചു. സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് അലോട്ട്മെന്‍റ് നൽകി.
ഒന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും പൂർത്തീകരിച്ച് രണ്ടാമത്തെ അലോട്ട്മെന്‍റ് ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും. 20 ശതമാനം മാർജിനൽ വർധനവിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും മുഖ്യഘട്ട പ്രവേശന നടപടി പൂർത്തീകരിച്ചശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കും -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.