അബൂദബിയില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് 17 മുതൽ 23 വരെ അവധി
text_fieldsഅബൂദബി: അബൂദബിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മിഡ് ടേം അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 മുതല്‍ 23 വരെയായി ഏഴ് ദിവസമാണ് അവധി. മിഡ് ടേം അവധിക്കുശേഷം ഒക്ടോബര്‍ 24ന് സ്കൂളുകള്‍ തുറക്കും. വാരാന്ത്യ അവധിയും എത്തുന്നതിനാൽ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും. പഠനനിലവാരം വിലയിരുത്താന്‍ അവധിക്കാലം വിനിയോഗിക്കണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികളോട് നിർദേശിച്ചു. ഓരോ കുട്ടികളുടെയും പഠനനിലവാരം വിലയിരുത്തിയ ശേഷം പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കണമെന്ന് അധ്യാപകര്‍ക്കും നിര്‍ദേശം നല്കി. അതേസമയം, അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവധികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തി.
ഈ വര്‍ഷം ഇതുവരെ ആറ് അവധിക്കാലങ്ങളാണ് കുട്ടികള്‍ക്ക് ലഭിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വേനല്‍ക്കാല അവധിക്കുശേഷം കുറഞ്ഞ ദിവസങ്ങളിലാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിച്ചിട്ടുള്ളത്. ഓരോ അവധി കഴിയുമ്പോഴും കുട്ടികളുടെ ദൈനംദിന ജീവിതചര്യയില്‍ മാറ്റമുണ്ടാവുന്നത് ക്ലാസ് തുടങ്ങുന്ന ആദ്യദിനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അവധി ദിനങ്ങളിലും കുട്ടികള്‍ക്ക് ഉചിതമായ ഉറക്കസമയം ക്രമീകരിക്കണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി. കുട്ടികളുടെ ബൗദ്ധിക, ശാരീരിക വികാസം മികച്ച ഉറക്കത്തിലൂടെയും വ്യായാമത്തിലൂടെയും പോഷകസമ്പുഷ്ടമായ ആഹാരത്തിലൂടെയുമാണ് സാധ്യമാവുക.അവധിക്കാലങ്ങളില്‍ മിക്ക കുടുംബങ്ങളും ദിനചര്യകളിലും ഉറക്കസമയങ്ങളിലുമെല്ലാം മാറ്റം വരാറുണ്ട്. കുറഞ്ഞ ദിവസത്തെ അവധിക്കാലത്ത് ഇത് കുട്ടികളെ ബാധിക്കും.
ഹൈസ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞത് എട്ട് മണിക്കൂറും മൂന്ന് വയസ്സുള്ള കുട്ടികള്‍ക്ക് 13 മണിക്കൂറും ഉറക്കം അനിവാര്യമാണ്. കുട്ടികള്‍ നിശ്ചയിച്ച സമയത്ത് ഉറങ്ങാന്‍ കിടക്കുന്നുവെന്നും ഉറങ്ങുന്നതിന് മുമ്പ് മതിയായ ആഹാരം കഴിച്ചുവെന്നും മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. നാരുകളുള്ളതും പോഷകാഹാര സമൃദ്ധവുമായ ആഹാരമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഇതിനു പുറമേ ദിവസവും കുട്ടികള്‍ ആവശ്യത്തിന് വ്യായാമമോ കളികളോ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭൂരിഭാഗം കുട്ടികള്‍ക്കും ദിവസം 11 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. കൃത്യമായ ടൈംടേബിള്‍ ഉണ്ടാക്കുന്നതിലൂടെ കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള സമയവും അവസരവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.