ഹോസ്റ്റൽ നിർമാണം: യുജി.സി ഫണ്ട് പൂർണമായി വിനിയോഗിച്ചോയെന്ന് അന്വേഷിക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: എടത്വാ സെന്റ് അലോഷ്യസ് കോളജിലെ വനിതാ ഹോസ്റ്റൽ നിർമാണത്തിന് യുജി.സി അനുവദിച്ച് ഫണ്ട് പൂർണമായി വിനിയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിപ്പോർട്ട്. രണ്ടു നിലകളുള്ള ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരനെ ഒഴിവാക്കി മാനേജ്മന്റാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മനേജ്മന്റെ് ഫണ്ട് കൈകാര്യം ചെയ്ത പശ്ചാത്തലത്തിൽ യു.ജി.സിയുടെ ഗ്രാന്റായി ലഭിച്ച 80 ലക്ഷം രൂപയും അതിന്റെ പലിശയിനത്തിൽ ലഭിച്ച 4,09,000 രൂപയും ഉൾപ്പെടെ 84,09,000 രൂപ ധനസഹായം ലഭിച്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂല്യനിർണയം നടത്തി ഫണ്ട് പൂർണമായി വിനിയോഗിച്ചിട്ടുണ്ടോയെന്ന് ചീഫ് ടെക്നിക്കൽ എക്സാമിനറെ (സി.ടി.ഇ) കൊണ്ട് പരിശോധിപ്പിക്കുന്നതിന് ഭരണവകുപ്പ് നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
വനിതാ ഹോസ്റ്റൽ നിർമ്മാണത്തിനായി യു.ജി.സി പ്ലാനിൽ 2009 ജൂലൈ 30ന് 96.55 ലക്ഷം രൂപയുടെ പദ്ധതിക്ക് കോളജ് അധികൃതർ അപേക്ഷ സമർപ്പിച്ചു. നിർമാണത്തിനായി 2009 ആഗസ്റ്റ് 24ന് യു.ജു.സി 80 ലക്ഷം രൂപ അനുവദിച്ചു. ആദ്യഗഡുവായി 40 ലക്ഷം നൽകി. തുക കോളജ് പ്രിൻസിപ്പലിന്റെ പേരിൽ യു.ജി.സി ഇടപാടുകൾക്കായുള്ള അക്കൗണ്ടിലേക്ക് 2009 ആഗസ്റ്റ് 26ന് ലഭിച്ചു.
നിർമാണപ്രവർത്തനങ്ങളിൽ കൂടുതൽ തുക വേണമെങ്കിൽ ആ തുക കോളജ് അധികൃതർ കണ്ടെത്തണമെന്നായിരുന്നു വ്യവസ്ഥ. യു.ജു.സി മറ്റു ഫണ്ടുകൾ അനുവദിക്കുന്നതല്ലെന്നും എന്നാൽ ഈ തുകയുടെ പലിശയിനത്തിൽ ലഭിക്കുന്ന തുക ഉപയോഗിക്കാമെന്നും ഉത്തരവിൽ വ്യക്താമാക്കി.
തുടർന്ന് 2009 ജൂലൈ 26ന് ആലപ്പുഴ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം.ജി.യൂനിവേഴ്സിറ്റി കോളജ് പ്രിൻസിപ്പാൽ തുടങ്ങി പത്ത് അംഗങ്ങളെ ഉൾക്കൊള്ളിച്ച് ബിൽഡിങ് കമ്മിറ്റി രൂപീകരിച്ചു. 2011 മാർച്ച് 19ന് ചേർന്ന കമ്മിറ്റി ഹോസ്റ്റൽ നിർമാണത്തിന് ടെണ്ടർ നടപടികൾ സ്വീകരിക്കുവാൻ ശിപാർശ ചെയ്തു.
തുടർന്ന് നോട്ടീസ് പ്രകാരം ടെണ്ടർ നടപടികൾ സ്വീകരിക്കുകയും ടെണ്ടറിൽ പങ്കെടുത്ത അഞ്ച് പേരിൽ ഏറ്റവും കുറവ് തുക കോട്ട് ചെയ്ത സോജൻ ഫ്രാൻസിസിന് നിർമാണം അനുവദിക്കുകയും ചെയ്തു. ഏറ്റവും കുറഞ്ഞ ടെണ്ടർ തുകയായ 1,02,73,291 രൂപ 2011ജൂൺ ആറിന് കൂടിയ ബിൽഡിംഗ് കമ്മിറ്റ അംഗീകരിച്ചു. ടെണ്ടർ നൽകിയ സോജൻ ഫ്രാൻസിസുമായി കരാറിൽ ഏർപ്പെടുന്നതിനു ശിപാർശ ചെയ്തു. അതിന് ശേഷം സോജനുമായി കരാറിൽ ഏർപ്പെട്ടതായോ വർക്ക് അവാർഡ് ചെയ്തതായോ യാതൊരു രേഖകളും ഫയലിൽ ലഭ്യമല്ല. കോളജ് അധികൃതർ വ്യവസ്ഥകളെല്ലാം ലംഘിച്ചു.
ലേഡീസ് ഹോസ്റൽ നിർമ്മാണത്തിനായി യു.ജി.സി അനുവദിച്ച തുക കോളജ് പ്രിൻസിപ്പലിൻറയും മാനേജ്മെന്റ് പ്രതിനിധിയായ കോളജ് ബർസറിന്റെയും ജോയിന്റ് അക്കൗണ്ടായി കാനറ ബാങ്ക് എടത്വാ ശാഖയിലേക്ക് മാറ്റി. അതിൽ നിന്നുമാണ് തുക ചെലവഴിച്ചിരിക്കുന്നത്. സർക്കാർ ഏജൻസികൾ വിവിധ പദ്ധതികൾക്കായി അനുവദിക്കുന്ന പണം മാനേജ്മന്റെ് അക്കൗണ്ടിലേക്ക് മാറ്റുന്നത് ഗുരുതര ചട്ടലംഘനമാണ്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഭരണവകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
കോഷൻ ഡിപ്പോസിറ്റ് കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിൽ പൂർവവിദ്യാർഥികൾ കൈപ്പറ്റാത്തതിനാൽ ഭീമമായ തൂക നീക്കിയിരുപ്പായി കണ്ടെത്തി. നിലവിൽ കലാലയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക കഴിച്ച് മിച്ചമുള്ള തുക ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ഒടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.