'മാർക്സിന് മുമ്പ് ഗുരു നാനാക്കിനെ പഠിക്കണം, മുഗൾ ചക്രവർത്തിമാർക്കുള്ള പ്രാധാന്യം കുറയ്ക്കണം'- ചരിത്രപഠനത്തിൽ മാറ്റം നിർദേശിച്ച് പാർലമെന്‍ററി സമിതി
text_fieldsന്യൂഡൽഹി: സ്കൂൾ ചരിത്രപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റങ്ങൾ ആവശ്യമാണെന്ന് വിദ്യാഭ്യാസകാര്യ പാർലമെന്‍ററി സമിതിയുടെ ശിപാർശ. ഉള്ളടക്കത്തിലും ഘടനയിലും മാറ്റം വേണമെന്നാണ് ബി.ജെ.പി എം.പി വിനയ് പി. സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചിരിക്കുന്നത്. മുഗൾ രാജാക്കന്മാരെ പ്രകീർത്തിക്കുന്നതിന് പകരം രജപുത്ര രാജാക്കന്മാരെ കുറിച്ച് പഠിപ്പിക്കണം. കാൾ മാർക്സിനെ കുറിച്ച് പഠിപ്പിക്കുന്നതിന് മുമ്പ് ഗുരു നാനാക്കിനെ കുറിച്ച് പഠിപ്പിക്കണം മുതലായവയാണ് നിർദേശങ്ങൾ. എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി. ചരിത്രപുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കാനായാണ് നിർദേശങ്ങൾ സമർപ്പിച്ചത്.
ഭരണഘടനാപരമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കണം പാഠപുസ്തകങ്ങൾ. ദേശീയ ഐക്യവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്നതുമാകണം -സമിതി ചൂണ്ടിക്കാട്ടുന്നു.
പാഠപുസ്തകങ്ങളിൽ മുഗൾ രാജാക്കന്മാരെ ഏറെ പ്രകീർത്തിക്കുന്നതായാണ് സമിതിയുടെ വിലയിരുത്തൽ. മുഗൾ രാജാക്കന്മാരുടെ പ്രധാന്യം കുറച്ചുകൊണ്ട് സിഖ് ഗുരുമാരെ കുറിച്ചും അവരുടെ പോരാട്ടത്തെ കുറിച്ചും പഠിപ്പിക്കണം. ഗുരു നാനാക്കിനെ ബാബർ തടവിലാക്കിയത്, ഗുരു അർജുൻ ദേവിനെ ജഹാംഗീർ കൊലപ്പെടുത്തിയത് തുടങ്ങിയവ പഠിപ്പിക്കണം. ഔറംഗസീബിന്‍റെയും ജഹാംഗീറിന്‍റെയും മതപരമായ അസഹിഷ്ണുത, മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിന് ഗുരു തേജ് ബഹാദൂർ രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത് എന്നിവ ഉൾപ്പെടുത്തണം.
കാൾ മാർക്സിെന കുറിച്ചും അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തെ കുറിച്ചും പഠിപ്പിക്കുന്നതിന് മുമ്പ് ഗുരു നാനാക്കിന്‍റെ ആത്മീയ സോഷ്യലിസത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. മാർക്സിന്‍റെയും ലെനിന്‍റെയും സിദ്ധാന്തങ്ങൾ ഭഗത് സിങ്ങിലുണ്ടാക്കിയ മാറ്റങ്ങൾ പഠിപ്പിക്കണം. ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം എന്നിവയിൽ ഒന്ന് പഠിച്ചാൽ മതി. ഏത് പഠിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകണം.
വേദങ്ങളിൽ നിന്നും മറ്റ് പുരാതന ഗ്രന്ഥങ്ങളിൽ നിന്നും ജീവിതത്തെയും സമൂഹത്തെയും കുറിച്ച് ലഭിക്കുന്ന ജ്ഞാനം പുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് സമിതി ആവശ്യപ്പെടുന്നു. പുരാതന പഠനകേന്ദ്രങ്ങളായിരുന്ന നളന്ദ, തക്ഷശില, വിക്രമശില എന്നിവിടങ്ങളിലെ പഠനരീതികൾ ഉൾക്കൊള്ളിക്കണം. അധ്യാപകർക്ക് ഒരു മാതൃകയാക്കാവുന്ന രീതിയിൽ ഇവയെ പരിഷ്കരിക്കണം. തത്വചിന്ത, ശാസ്ത്രം, ഗണിതശാസ്ത്രം, സാമ്പത്തികശാസ്ത്രം, കല തുടങ്ങിയ മേഖലകളിലെ പുരാതന ഇന്ത്യയുടെ സംഭാവനകൾ പാഠങ്ങളിൽ ഉൾപ്പെടുത്തണം.
പരമ്പരാഗത ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കുകയും സമകാലിക പശ്ചാത്തലത്തിൽ പാഠപുസ്തകങ്ങളിൽ അവതരിപ്പിക്കുകയും വേണം -സമിതി നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.