യു.ജി.സി പിരിച്ചുവിടും; പകരം ഉന്നത വിദ്യാഭ്യാസ കമീഷൻ
text_fieldsന്യൂഡൽഹി: സർവകലാശാല രംഗത്ത് കേന്ദ്രസർക്കാറിെൻറ പൊളിച്ചെഴുത്ത്. സർവകലാശാല ധനസഹായ കമീഷൻ (യു.ജി.സി) നിർത്തലാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ കൊണ്ടുവരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകാനുള്ള അധികാരം ഇൗ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് മാനവശേഷി വികസന മന്ത്രാലയം ഏറ്റെടുക്കും.
കലാലയ രംഗത്തെ പ്രവർത്തനങ്ങളുടെ ഘടനയിൽ വലിയ തോതിൽ മാറ്റം വരുത്തുന്ന ഹയർ എജുക്കേഷൻ കമീഷൻ ഒാഫ് ഇന്ത്യ-2018െൻറ കരടു ബിൽ മാനവശേഷി വികസന മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി പുറത്തിറക്കി. ഭേദഗതികളോടെ പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
സർവകലാശാലകളുടെ പ്രവർത്തനത്തിൽ ആശയപരമായും ധനപരമായും കൈകടത്താൻ സർക്കാറിന് കൂടുതൽ അവസരവും അധികാരവും ലഭിക്കാൻ വഴിതുറക്കുന്നതാണ് ബിൽ. 1956ലെ യു.ജി.സി നിയമത്തിനു പകരം വെക്കുന്നതാണ് പുതിയ നിയമനിർമാണം. സ്ഥാപനങ്ങൾക്ക് അനുമതി നൽകുക, അക്കാദമിക നിലവാരം ഉയർത്തൽ, അധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലവാര നിർണയം, പരിശീലനം, വ്യാജ സ്ഥാപനങ്ങൾക്കെതിരായ നിയമനടപടി തുടങ്ങിയ ചുമതലകൾ മാത്രമായിരിക്കും പുതിയ കമീഷന് (എച്ച്.ഇ.സി.െഎ) ഉണ്ടാവുക. വിദ്യാർഥികളുടെ സ്കോളർഷിപ്, സ്ഥാപന ധനസഹായം തുടങ്ങി യു.ജി.സിക്ക് ഇപ്പോഴുള്ള സാമ്പത്തിക അധികാരങ്ങൾ സർക്കാർ ഏറ്റെടുക്കും.
െഎ.െഎ.ടി, എൻ.െഎ.ടി, െഎ.െഎ.എസ്.ഇ.ആർ തുടങ്ങിയവയെ ഉൾപ്പെടുത്തിയുള്ള അഖിലേന്ത്യാ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിെൻറ (െഎ.െഎ.സി.ടി) മാതൃകയിലേക്ക് യു.ജി.സിയിലും പൊളിച്ചെഴുത്ത് നടത്തുന്നതാണ് സർക്കാർ പദ്ധതി. ഉന്നത വിദ്യാഭ്യാസത്തിൽ ജനകീയതയും സുതാര്യതയും കൊണ്ടുവരുകയാണ് പുതിയ പരിഷ്ക്കാരത്തിെൻറ ലക്ഷ്യമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ആശയം മാറ്റിവെച്ചാണ് യു.ജി.സിക്ക് ബദൽ കമീഷൻ കൊണ്ടുവരുന്നത്. അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ (എ.െഎ.സി.ടി.ഇ), ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ) എന്നിവ തുടർന്നും നിലനിൽക്കും. കരടു ബില്ലിനെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധർക്കും പൊതുജനങ്ങൾക്കും ജൂലൈ എഴുവരെ അഭിപ്രായം അറിയിക്കാം.
വിദ്യാഭ്യാസ മേഖലക്കുള്ള സഹായം കുറച്ചു കൊണ്ടുവരുകയെന്ന ലക്ഷ്യവും സർക്കാറിനുള്ളതായി വ്യാഖ്യാനമുണ്ട്. സർവകലാശാലകൾ സ്വയം ഫണ്ട് കണ്ടെത്തണമെന്ന് മന്ത്രാലയം നേരത്തേ നിർദേശിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് യു.ജി.സിയെ പിരിച്ചുവിടുന്നതെന്നും സർവകലാശാലകൾ ഫണ്ട്് കണ്ടെത്തുന്നതിന് സ്വാശ്രയ കോളജ് രീതി അവലംബിക്കുമെന്നും വിദ്യാഭ്യാസ പ്രമുഖർ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.