ഐ.സി.എസ്.ഇ പത്താം ക്ലാസ്: എസ്.ജെ. ആതിരക്ക് ഒന്നാം റാങ്ക്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ (ഐ.സി.എസ്.ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.97 ആണ് വിജയശതമാനം. 99.8 ശതമാനം സ്കോറോടെ നാലു വിദ്യാർഥികൾ ഒന്നാം റാങ്ക് പങ്കിട്ടു. കേരളത്തിൽ 100 ശതമാനമാണ് വിജയം.
ദേശീയതലത്തിൽ അഞ്ചാം റാങ്കും രണ്ടാം മെറിറ്റ് സ്ഥാനവും നേടിയ തിരുവനന്തപുരം സെന്‍റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനി എസ്.ജെ. ആതിരക്കാണ് (99.60 ശതമാനം) സംസ്ഥാനത്ത് ഒന്നാം റാങ്ക്. ഇതേ സ്കൂളിലെ ഗൗരി അരുൺ ദേശീയതലത്തിൽ 39ാം റാങ്കോടെയും മൂന്നാം മെറിറ്റ് സ്ഥാനത്തോടെയും (99.40) കേരളത്തിൽ രണ്ടാം റാങ്കിന് അർഹയായി. സെന്‍റ് തോമസിലെതന്നെ വിഷ്ണു യു. പ്രഭു, തിരുവനന്തപുരം ലെക്കോൾ ചെമ്പക സ്കൂളിലെ മാളവിക കിഷോർ, ദേവശ്രീ വിഷ്ണുദാസ്, എറണാകുളം മാർ അത്തനേഷ്യസ് ഇന്‍റർനാഷനൽ സ്കൂളിലെ ജോഷ്ബി. ബിന്നി, നയന ഷാജി മെക്കുന്നേൽ എന്നിവർ (99.20) കേരളത്തിൽ മൂന്നാം റാങ്ക് പങ്കിട്ടു. 162 സ്കൂളുകളിലായി പരീക്ഷ എഴുതിയ 7823 പേർ വിജയിച്ചു. 3710 പേർ ആൺകുട്ടികളും 4113 പേർ പെൺകുട്ടികളുമാണ്. 162 സ്കൂളുകളിലായി പരീക്ഷ എഴുതിയ 7823 പേർ വിജയിച്ചു. .
ഹർഗുൻ കൗർ മത്താരു (പുണെ-മഹാരാഷ്ട്ര), അനിക ഗുപ്ത (കാൺപുർ- യു.പി), പുഷ്കർ ത്രിപാഠി (ബൽറാംപുർ-യു.പി), കനിഷ്ക മിത്തൽ (ലഖ്നോ- യു.പി) എന്നിവരാണ് ദേശീയതലത്തിൽ ഒന്നാംറാങ്ക് നേടിയത്. 99.6 ശതമാനം മാർക്കോടെ 34 വിദ്യാർഥികൾ രണ്ടാം റാങ്കും 99.4 ശതമാനം മാർക്കോടെ 72 പേർ മൂന്നാംറാങ്കും നേടി. 99.98 ആണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 99.97 ആണ്.
റാങ്കിന്‍റെ തിളക്കവുമായി ആതിര
തിരുവനന്തപുരം: ഐ.സി.എസ്.ഇ 10ാംതരം പരീക്ഷയിൽ ദേശീയതലത്തിൽ മികവോടെ തിരുവനന്തപുരം സെന്‍റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനി എസ്.ജെ. ആതിരയുടെ വിജയം. ദേശീയതലത്തിൽ അഞ്ചാം റാങ്കും രണ്ടാം മെറിറ്റ് സ്ഥാനവും നേടിയ ആതിരക്കാണ് സംസ്ഥാനതലത്തിലെ ഒന്നാം റാങ്ക്. 99.60 ശതമാനം മാർക്കോടെയാണ് വിജയം. സയൻസിലും സോഷ്യൽ സയൻസിലും കമ്പ്യൂട്ടർ സയൻസിലും മാത്സിലും ആതിരക്ക് 100 ശതമാനം മാർക്കുണ്ട്. ഇംഗ്ലീഷിൽ 98ഉം മലയാളത്തിൽ 96ഉം ശതമാനമാണ് മാർക്ക്.
മികച്ച മാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും റാങ്ക് നേട്ടം അപ്രതീക്ഷിതമാണെന്ന് ആതിര പറഞ്ഞു. ഐ.സി.എസ്.ഇ സ്ട്രീമിൽതന്നെ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കി ജെ.ഇ.ഇ പരീക്ഷയെഴുതി എൻജിനീയറിങ് പഠനം നടത്താനാണ് ആഗ്രഹം.
ടെക്നോപാർക്കിൽ ടാറ്റലക്സി കമ്പനിയിൽ സീനിയർ പ്രോഗ്രാം മാനേജർ പാങ്ങപ്പാറ ഹീര ഗാർഡൻസിൽ എസ്.എൽ ഷിലുവിന്‍റെയും ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ.ആർ.എസ് ജീനയുടെയും മകളാണ്. സെന്‍റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി എസ്.ജെ. അശ്വതി സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.