ഐസറുകളിൽ ബി.എസ്-എം.എസ്
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) 2023 വർഷത്തെ പഞ്ചവത്സര ബി.എസ്-എം.എസ് ഡ്യൂവൽ ഡിഗ്രി, നാലു വർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം (വിതുര), തിരുപ്പതി, പുണെ, മൊഹാളി, കൊൽക്കത്ത, ഭോപാൽ, ബെർഹാംപുർ എന്നിവിടങ്ങളിലാണ് ഐസറുകളുള്ളത്. ആകെ 1838 സീറ്റുകൾ. (തിരുവനന്തപുരത്ത് 320). വിജ്ഞാപനം www.iiseradmission.inൽ
യോഗ്യത: ശാസ്ത്രവിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
ഐസർ ആപ്ടിട്യൂഡ് ടെസ്റ്റ് (ഐ.എ.ടി), കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ), ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നീ മൂന്ന് ചാനലുകൾ വഴിയാണ് പ്രവേശനം. ഐസർ അഭിരുചി പരീക്ഷ ദേശീയ തലത്തിൽ ജൂൺ 17ന് നടത്തും. അപേക്ഷ ഫീസ് 2000 രൂപ. പട്ടികജാതി/വർഗ, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 15 മുതൽ മേയ് 25 വരെ സമർപ്പിക്കാം.
ജെ.ഇ.ഇ അഡ്വാൻസ്ഡ് വിഭാഗത്തിൽപെടുന്നവർക്ക് ജൂൺ 25-30 വരെയാണ് അപേക്ഷിക്കാവുന്നത്.ഐസർ ഭോപാലിൽ മാത്രമാണ് ബി.എസ് പ്രോഗ്രാമുള്ളത്. ഇവിടെ എൻജിനീയറിങ് സയൻസസിൽ 60 സീറ്റുകളും ഇക്കണോമിക് സയൻസസിൽ 30 സീറ്റുകളുമുണ്ട്. അഡ്മിഷനായി തിരഞ്ഞെടുക്കപ്പെടുന്നവർ സീറ്റ് അക്സപ്റ്റൻസ് ഫീസായി 35,000 രൂപ അടക്കണം.
എസ്സി/എസ്ടി വിഭാഗത്തിൽപെടുന്നവർ 17,500 രൂപ അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. അന്വേഷണങ്ങൾക്ക് ask-jac2033@iisermohali.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.