കോവിഡ് കാരണം ഈ വർഷം ഐ.ഐ.ടി മോഹം നഷ്ടമായവർക്ക് 2021ൽ ഒരവസരം കൂടി
text_fieldsന്യൂഡൽഹി: കോവിഡ്-19 വ്യാപന സാഹചര്യം കാരണം ഐ.ഐ.ടി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ജെ.ഇ.ഇ (ജോയിന്‍റ് എൻട്രൻസ് എക്സാം) നഷ്ടമായവർക്ക് ഒരവസരം കൂടി. 2021ൽ ഇവർക്ക് പരീക്ഷയെഴുതാൻ അവസരം നൽകാൻ ജോയിന്‍റ് അഡ്മിഷൻ ബോർഡ് (ജെ.എ.ബി) തീരുമാനിച്ചു.
ഈ വർഷം നടന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 2021ൽ പരീക്ഷ എഴുതാൻ അവസരം ലഭിക്കും.
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ ഒരവസരം കൂടി നൽകണമെന്ന് നിരവധി വിദ്യാർഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും പരീക്ഷയുടെ ചുമതലയുള്ള ഡൽഹി ഐ.ഐ.ടിയോടും അഭ്യർഥിച്ചിരുന്നു. ജോയിന്‍റ് അഡ്മിഷൻ ബോർഡ് അടിയന്തര യോഗം ചേർന്നാണ് ഒരവസരം കൂടി നൽകാനുള്ള തീരുമാനമെടുത്തത്.
കോവിഡ് പോസിറ്റീവ് ആയതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും വിവിധ കോവിഡ് നിയന്ത്രണങ്ങളാൽ പരീക്ഷക്ക് എത്താൻ കഴിയാതിരുന്നവർക്കും ഒരവസരം കൂടി നൽകാൻ ജെ.എ.ബി തീരുമാനിച്ചതായി ഡൽഹി ഐ.ഐ.ടി പ്രസ്താവനയിൽ പറഞ്ഞു. ഇവർക്ക് 2021ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതേണ്ടിവരില്ല. 2020ലെ ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് 2021ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാം.
2021ലെ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിന്ന് യോഗ്യത നേടുന്നവർക്ക് പുറമേ പ്രത്യേകമായാണ് ഇവരെ പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.