കൂട്ടിച്ചേർത്ത വിവാദഭാഗങ്ങൾ ഒഴിവാക്കി പഠിപ്പിക്കുന്നത് പരിഗണനയിൽ
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ എൻ.സി.ഇ.ആർ.ടി കടത്തിക്കൂട്ടിയ വിവാദ ഭാഗങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ ഒഴിവാക്കി പഠിപ്പിക്കുന്നതിന്റെ സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. കേന്ദ്രസർക്കാറിന് ഹിതകരമല്ലെന്ന് കണ്ട് വെട്ടിയ ഭാഗങ്ങൾ പഠിപ്പിക്കുന്ന അധിക പാഠപുസ്തകം നിലനിർത്തുന്നതും പരിഗണനയിലാണ്. ഭാവിയിൽ ഹയർസെക്കൻഡറി ക്ലാസുകളിലേക്ക് സമാന്തരമായി പാഠപുസ്തകം തയാറാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതും പരിശോധനയിലുണ്ട്. ഇതുസംബന്ധിച്ച് എസ്.സി.ഇ.ആർ.ടി സർക്കാറിന് വൈകാതെ റിപ്പോർട്ട് സമർപ്പിക്കും.
ഹയർസെക്കൻഡറി ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ് പാഠപുസ്തകങ്ങളുടെ കാര്യത്തിലാണ് സർക്കാർ ബദൽ മാർഗം ആരായുന്നത്. നിലവിൽ എൻ.സി.ഇ.ആർ.ടിയിൽനിന്ന് പകർപ്പവകാശം വാങ്ങിയാണ് ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ സംസ്ഥാനത്ത് അച്ചടിക്കുന്നത്.
കോവിഡ് കാലത്തെ പഠനഭാരം പറഞ്ഞ് ഗുജറാത്ത് കലാപം, മുഗൾ ചരിത്രം തുടങ്ങിയവ സിലബസിൽനിന്ന് നീക്കിയെങ്കിലും അധിക പാഠപുസ്തകം തയാറാക്കി കേരളത്തിൽ ഇവ പഠിപ്പിച്ചു വരുന്നുണ്ട്. എന്നാൽ, ഇപ്പോൾ എൻ.സി.ഇ.ആർ.ടി നടപ്പാക്കിയ പരിഷ്കാരത്തിലൂടെ പുതിയ പാഠഭാഗങ്ങൾ കൂട്ടിച്ചേർത്തതാണ് കേരളത്തിന് പ്രായോഗിക വെല്ലുവിളിയായത്. ബാബ്രി മസ്ജിദ് തകർത്തത് ഒഴിവാക്കുകയും രാമക്ഷേത്ര നിർമാണം പരാമർശിക്കുകയും ചെയ്തത് ഉൾപ്പെടെ കൂട്ടിച്ചേർക്കലുകളാണ് എൻ.സി.ഇ.ആർ.ടി നടത്തിയത്. പകർപ്പവകാശ നിയമപ്രകാരം ഈ പാഠഭാഗങ്ങൾ ഒഴിവാക്കി കേരളത്തിന് പുസ്തകങ്ങൾ അച്ചടിക്കാനാകില്ല.
ഇതിനെ മറികടക്കാൻ എൻ.സി.ഇ.ആർ.ടി തരുന്ന പാഠപുസ്തകം അതേപടി അച്ചടിക്കുകയും വിവാദ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് നിർദേശിച്ചും പരീക്ഷയിൽനിന്ന് ഒഴിവാക്കിയും സർക്കുലർ പുറപ്പെടുവിക്കുന്ന രീതിയാണ് കേരളം ആലോചിക്കുന്നത്. പിന്നീട് ദേശീയ സിലബസിനോട് കിടപിടിക്കുന്ന രീതിയിൽ സ്വന്തം പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളുമാണ് ആരായുന്നത്. അധിക പാഠപുസ്തകത്തിലൂടെ കേന്ദ്രം വെട്ടിമാറ്റിയ ഭാഗങ്ങൾ പഠിപ്പിക്കാനുമാണ് ധാരണ. പുതിയ അധ്യയനവർഷം തുടങ്ങും മുമ്പ് ഇതിൽ അന്തിമ തീരുമാനമെടുത്ത് നടപ്പാക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.