നിർമിത ബുദ്ധിക്കാലത്തും ജൈവിക വിദ്യാഭ്യാസത്തിന് വലിയ പ്രസക്തി -ഡോ. വി.പി. അബ്ദുൽ അസീസ്
text_fieldsറിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും റോബോട്ടിക്സും ഡേറ്റ സയൻസുമൊക്കെ ലോകം വാഴുന്ന കാലത്തും അധ്യാപകനെന്ന ജൈവിക സാന്നിധ്യത്തെ നിഷേധിക്കാനാവില്ലെന്ന് അമേരിക്കയിലെ ഒക്ലഹോമ യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ അക്കാദമിക് അസോസിയേറ്റ് സ്കോളറും റിയാദിലെ മോഡേൺ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. വി.പി. അബ്ദുൽ അസീസ് പറഞ്ഞു. കണ്ണും കണ്ണും തമ്മിൽ പകരുന്ന വൈകാരിക ബന്ധത്തിെൻറ ഊഷ്മളത വിദ്യാർഥിയുടെ ഹൃദയത്തിലാണ് സ്പർശിക്കുന്നത്.
അവിടെ മാനവികമായ സ്നേഹസംവാദവും ജ്ഞാനനിർമിതിയുമാണ് നടക്കുന്നത്. കുട്ടിയെ വൈകാരികമായി ഉത്തേജിപ്പിക്കാനും ജീവനുള്ള നല്ല മനുഷ്യനായി വളർത്താനും സ്വാഭാവിക ബുദ്ധി വേണം. അജൈവികമായ ഒന്നിനുമത് സാധിക്കില്ല. ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾ ഡിജിറ്റൽ മീഡിയകളുടെ വിവിധ വേർഷനുകളിൽ ലഭിക്കുന്നുണ്ടാവാം. അത് അറിവിന്റെ വികാസത്തിനും ഉൽപാദനത്തിനും അനുഗുണമാകുന്നതേയുള്ളൂ.
ക്ലാസ്റൂമിന്റെയും അധ്യാപകെൻറയും പ്രസക്തി ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നും അമേരിക്കൻ ഗവൺമെന്റിന്റെ ഫുൾ ബ്രൈറ്റ് ഫെലോഷിപ് ജേതാവും കാലിഫോർണിയയിലെ ക്ലയർമോണ്ട് ഗ്രാജ്വേറ്റ് യൂനിവേഴ്സിറ്റിയിൽ പഠനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഡോ. അസീസ് പറഞ്ഞു. പുതിയ കാലത്തെ വിദ്യാഭ്യാസത്തെപ്പറ്റിയും ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചും ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിരുചിയാണ് പ്രധാനം
കുട്ടികളുടെ അഭിരുചിക്ക് പ്രാധാന്യം നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് വളർന്നുവരേണ്ടത്. അവരുടെ താൽപര്യങ്ങളും സ്വപ്നങ്ങളും മാതാപിതാക്കളുടെ സമ്മർദത്തിൽ ഉടഞ്ഞുപോകാൻ പാടില്ല. വിദ്യാഭ്യാസത്തെ കുറിച്ച് അടിസ്ഥാന കാഴ്ചപ്പാട് അധികം രക്ഷിതാക്കൾക്കുമില്ലാത്തതാണ് ഇതിനു കാരണം. സ്വന്തം അഭിലാഷങ്ങൾക്ക് ചായം പൂശാനുള്ള ഉപകരണമായി കുട്ടികളെ കാണരുത്. മെഡിസിനിലും എൻജിനീയറിങ്ങിലും മാത്രം കണ്ണുണ്ടായാൽ പോര. ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ആന്ത്രപ്പോളജി എന്നീ മാനവിക വിഷയങ്ങളിൽ രാജ്യാന്തര തലത്തിൽ തന്നെ വലിയ ഗവേഷണങ്ങൾ നടക്കുന്ന കാലമാണ്.
വട്ടെഴുത്തും കോലെഴുത്തും പോലുള്ള പ്രാചീന ലിഖിതരൂപങ്ങൾ പഠിച്ച് ഇൻഫർമേഷൻ സയൻറിസ്റ്റ് ആകാനുള്ള സാധ്യതകളും നാം പരീക്ഷിക്കണം. അതുപോലെ, പഠനഭാരം കുറക്കുന്നതായിരിക്കണം നമ്മുടെ സിലബസുകൾ. സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ലളിതമായ കരിക്കുലമാണ് പിന്തുടരുന്നത്. വിദേശ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിലെ തെൻറ പഠനനിരീക്ഷണങ്ങൾ അതാണ് ബോധ്യപ്പെടുത്തുന്നതെന്നും ചരിത്രകാരനും 2012-16ലെ സംസ്ഥാന സ്കൂൾ കരിക്കുലം റിവിഷൻ കോർ കമ്മിറ്റി ജോയൻറ് കൺവീനറും കൂടിയായിരുന്ന ഡോ. അസീസ് പറയുന്നു.
വിദ്യാഭ്യാസ നയം
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പിൽ വരുത്താൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിെൻറ ഘടന സി.ബി.എസ്.ഇയുടെ ഏതാണ്ട് പ്രയോഗത്തിലുണ്ട്. ഒരു കുട്ടി പഠനത്തിെൻറ 15 വർഷം പൂർത്തിയാക്കുന്ന പ്ലസ് ടുവിലായിരിക്കും സെക്കൻഡറി വിദ്യാഭ്യാസത്തിെൻറ അവസാന (എക്സിറ്റ്) പരീക്ഷ എന്നത് ഒരു പ്രത്യേകതയാണ്. പിന്നീട് നാല് വർഷം നീണ്ടുനിൽക്കുന്ന ബിരുദവും ഒരു വർഷത്തെ ബിരുദാനന്തര ബിരുദവുമാണ്.
ബിരുദം ഒരു വർഷം കഴിഞ്ഞോ രണ്ട് വർഷം കഴിഞ്ഞോ വിരമിക്കുവാനും അതിനനുസരിച്ച് സർട്ടിഫിക്കറ്റ് നേടാനും പുതിയ നയത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഇത് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. പ്രീ പ്രൈമറിയും (കെ.ജി) പ്രൈമറിയും (ഒന്ന്, രണ്ട് ക്ലാസുകൾ) ചേർന്ന ഫൗണ്ടേഷൻ സ്റ്റേജ് (അഞ്ച് വർഷം), മൂന്ന്, നാല്, അഞ്ച് (പ്രിപ്പറേറ്ററി), ആറ്, ഏഴ്, എട്ട് (മിഡിൽ), ഒമ്പത്, 10, 11, 12 (സെക്കൻഡറി) എന്ന പുതിയ പാറ്റേൺ ആയിരിക്കും ഇനി മുതൽ നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കേണ്ടി വരും.
മാനവികത അവഗണിക്കപ്പെടുന്നു
അധീശത്വപരമായ കാണാച്ചരടുകളും അധികാരകേന്ദ്രങ്ങളുമാണ് വിദ്യാഭ്യാസത്തെ നയിക്കുന്നതെന്ന ഫൂക്കൊയുടെ ‘പവർ നോളജ് നെക്സസ്’ എന്ന നിരീക്ഷണം ലോകതലത്തിൽതന്നെ ഒരു വസ്തുതയാണ്. കമ്പോളത്തിനും വ്യവസ്ഥിതിക്കും ആവശ്യമായ ഉൽപന്നങ്ങളെ സൃഷ്ടിക്കുന്ന ഒരു സിസ്റ്റമായി അതു മാറി. അതുകൊണ്ടുതന്നെ സാഹിത്യപഠനവും മാനവികവിഷയങ്ങളും അവഗണിക്കപ്പെടുന്നു.
ലിറ്ററേച്ചർ ഇംഗ്ലീഷിന് പകരം കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിന് പ്രാധാന്യം കൈവന്നത് അങ്ങനെയാണ്. പുതിയ കാലത്തെ ജാഗ്രതയോടെ സമീപിക്കുകയാണ് കരണീയം. എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി തുടങ്ങി നിരവധി അക്കാദമിക വേദികളിൽ പ്രവർത്തിച്ച ഡോ. അബ്ദുൽ അസീസ് ഒരു വിദ്യാഭ്യാസ വിചക്ഷണൻ മാത്രമല്ല, നല്ലൊരു ട്രെയിനറുമാണ്. ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും എജുക്കേഷനൽ ബിരുദാനന്തര ബിരുദവും ലൈബ്രറി സയൻസിൽ പ്രഫഷനൽ ബിരുദവുമുള്ള ഇദ്ദേഹം എജുക്കേഷനിലാണ് ഡോക്ടറേറ്റ് നേടിയത്. മികച്ച ഫുട്ബാളർ കൂടിയായ ഡോ. അസീസ് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ടീമുകളെ നയിച്ചിരുന്നു. ഭാര്യ: ഖമറുന്നിസ പൂക്കയിൽ, മക്കൾ: ഫിദ, ഹുദ, മിൻഹ ഉമയ്, സരോദ്, ദീമ.
നൈപുണ്യ വികസനം
കുട്ടികളുടെ നൈപുണി വർധിപ്പിക്കാനാവശ്യമായ നിർദേശങ്ങൾ വിദ്യാഭ്യാസനയം മുന്നോട്ട് വെക്കുന്നുണ്ട്. പുതിയ കാലത്തെ കമ്പ്യൂട്ടർ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കേന്ദ്രീകരിച്ചാണിത്. അറിവുൽപാദനത്തിെൻറയും പ്രയോഗത്തിെൻറയും ധാരാളം മേഖലകളുണ്ടെങ്കിലും നിർമിത ബുദ്ധി സാങ്കേതിക വിദ്യക്ക് സവിശേഷ പ്രാധാന്യം നൽകുന്നു. അതോടൊപ്പം പല തരത്തിലുള്ള തൊഴിലുകളിൽ പ്രാവീണ്യം നേടാനാവശ്യമായ കളമൊരുക്കാൻ പുതിയ നയം ആവശ്യപ്പെടുന്നുണ്ട്. പ്രത്യക്ഷത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണെന്ന് തോന്നുമെങ്കിലും കോർപറേറ്റ് ആവശ്യങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ അഭിരുചികൾക്കും കലക്കും സർഗാത്മകതക്കും കൂടുതൽ ഇടം നൽകുവാൻ പുതിയ നയത്തിലുണ്ട്. കേരളീയ പശ്ചാത്തലത്തിൽ അതിന് വലിയ പുതുമയൊന്നും തോന്നാനിടയില്ല.
വിദ്യാഭ്യാസത്തിന്റെ മൂല്യം
വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിലും ആർജിക്കേണ്ട അറിവിെൻറയും നൈപുണിയുടെയും തലം നിർണയിക്കുന്നതും അതിനനുയോജ്യമായ പാഠപുസ്തകങ്ങൾ തയാറാക്കുന്നതും എൻ.സി.ഇ.എഫ് അനുസരിച്ച് എൻ.സി.ഇ.ആർ.ടിയാണ്. പുതിയ നയങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കമാണ് നമ്മുടെ വിദ്യാഭ്യാസത്തിെൻറ മൂല്യം നിർണയിക്കുക. പരമ്പരാഗതമായി നാം തുടരുന്ന നയങ്ങളിൽനിന്നും അപ്പാടെയുള്ള മാറ്റങ്ങളാണെങ്കിൽ അത് മാനവിക വിഷയങ്ങളെയും മറ്റ് വൈജ്ഞാനിക മേഖലയെയുമൊക്കെ സാരമായി ബാധിക്കും.
പാരമ്പര്യവും പൈതൃകവുമെല്ലാം പഠിക്കണം. എന്നാൽ, അടിസ്ഥാനരഹിതമായ കാര്യങ്ങൾ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാനിടയുണ്ടെന്ന വിമർശനം ഉയർന്നുവരുന്നുണ്ട്. അത് ശരിയാണെങ്കിൽ ഇന്ത്യൻ വിദ്യാഭ്യാസം ലോകതലത്തിൽ പിന്തള്ളപ്പെടും. പ്രദേശികവും ഭാഷാപരവും സാംസ്കാരികവുമായ അനേകം വൈജാത്യങ്ങളെ ഉൾക്കൊള്ളുന്ന ഇൻക്ലൂസിവ് രീതിയാണ് അഭികാമ്യം. ഏകശിലാത്മകമായ ദാർശനികാടിത്തറ രാജ്യത്തിനും വിദ്യാഭ്യാസ നയത്തിനും വിശാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ല. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം എന്തായിരിക്കണമെന്നും എന്താണ് പഠിപ്പിക്കേണ്ടതെന്നും തീരുമാനിക്കുന്നത് എൻ.സി.ഇ.ആർ.ടി ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ്, ക്ലാസ്റൂമുകളും അധ്യാപകനും കാലഹരണപ്പെട്ടതാക്കി മാറ്റുമെന്ന വാദത്തോട് യോജിക്കുന്നില്ല. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് അജൈവികവും കൃത്രിമ സൃഷ്ടിയുമാണ്. അതിെൻറ പിന്നിൽ മനുഷ്യകരങ്ങളുണ്ട്, അത് തുറക്കുന്നത് പുതിയ സേവന, തൊഴിലിടങ്ങളാണ്. അതുമൂലം പുതിയ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. യഥാർഥത്തിൽ അറിവിെൻറ വിസ്ഫോടനവും ജനാധിപത്യവത്കരണവുമാണ് ഇവിടെ സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.