വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ: പ്രീമെട്രിക് സ്കോളർഷിപ് വിതരണം തടസ്സപ്പെടാൻ സാധ്യത
text_fieldsകൊടുവള്ളി: പ്രീമെട്രിക് സ്കോളർഷിപ് അപേക്ഷ സമർപ്പണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഈ വർഷം സ്കോളർഷിപ് വിതരണം തടസ്സപ്പെടാൻ കാരണമായേക്കും. കഴിഞ്ഞ നാലു മാസമായി വിദ്യാലയങ്ങളിൽ അപേക്ഷ സമർപ്പണവും വെരിഫിക്കേഷനും നടന്നുവരുകയാണ്.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 50 ശതമാനം മാർക്കുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളത്. രക്ഷിതാവ് സമർപ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കി അക്ഷയ കേന്ദ്രങ്ങളും കോമൺ സർവിസ് സെൻററുകളും സ്വകാര്യ കഫേകളുമാണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നത്. ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കു മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. മാസങ്ങൾ ബാങ്കുകളിൽ കാത്തുനിന്ന് അക്കൗണ്ട് എടുത്തവർ കഫേകളിൽ ഏറെ കഷ്ടപ്പെട്ടാണ് ഓൺലൈൻ അപേക്ഷ നൽകി പ്രൻറൗട്ട് സ്കൂളുകളിൽ സമർപ്പിച്ചത്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ സ്കൂൾ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യുക എന്നതാണ് സ്കൂൾ അധികൃതരുടെ ചുമതല.
ഇങ്ങനെ ഏറെ പണിപ്പെട്ട് വെരിഫിക്കേഷൻ പൂർത്തികരിച്ച വിദ്യാലയങ്ങളിലേക്ക് വരുമാന സർട്ടിഫിക്കറ്റ് നോക്കി വെരിഫൈ ചെയ്യണമെന്ന് കർശന നിർദേശം ലഭിച്ചിരിക്കയാണ്. ഇതു കാരണം നേരത്തേ വെരിഫൈ ചെയ്ത മുഴുവൻ അപേക്ഷകളും നാഷനൽ സ്കോളർഷിപ് പോർട്ടലിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. ഈ അപേക്ഷകരൊക്കെ ജനുവരി 15ന് മുമ്പ് വില്ലേജ് ഓഫിസറുടെ വരുമാന സർട്ടിഫിക്കറ്റ് വാങ്ങി വീണ്ടും ഓൺലൈൻ അപേക്ഷ സമർപ്പിച്ച് സ്കൂളുകളിൽ രേഖകൾ ഹാജരാക്കണം. വരുമാന സർട്ടിഫിക്കറ്റ് സ്കൂൾ മുഖേന വെരിഫൈ ചെയ്താൽ മാത്രമേ കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കുകയുള്ളൂ. രക്ഷിതാക്കൾ ഇതിനായി നിരവധി കടമ്പകൾ തരണം ചെയ്യുകയും ഏറെ പണം ചെലവഴിക്കുകയും വേണം. എന്നാൽ, മാത്രമേ വർഷത്തിൽ ലഭിക്കുന്ന ആയിരം രൂപ കുട്ടികൾക്ക് ലഭിക്കുകയുള്ളൂ. ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക് ഈ വർഷം സ്കോളർഷിപ് നിഷേധിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അനർഹരായ അപേക്ഷകർ ധാരാളമായി കടന്നുകൂടിയതും അപേക്ഷകരുടെ എണ്ണത്തിലെ വർധനവുമാണ് സർക്കാറിനെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ കാരണമാക്കിയത് എന്ന് പറയപ്പെടുന്നു. നാട്ടിൻപുറങ്ങളിൽ ധാരാളം ഇൻറർനെറ്റ് കഫേകൾ ലഭ്യമായതും കോവിഡ് കാലത്തെ ബാങ്കുകളിലെ തിരക്കൊഴിവായതും കാരണം അക്കൗണ്ടുകൾ എളുപ്പത്തിൽ ലഭ്യമായതും കോവിഡ് കാലത്തെ തൊഴിലില്ലായ്മയുമാണ് അപേക്ഷകരുടെ എണ്ണം കൂടാൻ കാരണമായത്. സർക്കാറിെൻറ പുതിയ ഉത്തരവു കാരണം അർഹരായ കുട്ടികൾക്ക് ലഭിക്കുന്ന സ്കോളർഷിപ് നിഷേധിക്കപ്പെടാനാണ് സാധ്യത തെളിയുന്നത്.
വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം
കൊടുവള്ളി: പ്രീമെട്രിക് സ്കോളർഷിപ്പിന് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കൊടുവള്ളി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻറ് അനിൽ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. എം. അബ്ദുൽ അസീസ്, കെ.പി. അബ്ദുറഹ്മാൻ, ടി.വി. മജീദ്, കെ.കെ. ജസ്സി, വി. ഖദീജ, എം.പി. റുഖിയ, സുലൈഖ പറമ്പത്ത് കാവ്, വിചിത്ര, ഗീതാമണി, കെ.പി. ഷാജഹാൻ, കെ.പി. ഇർഷാദ്, സ്നേഹലത, സബീന, എം.പി. സഫിയ, ശ്രീജ എന്നിവർ സംസാരിച്ചു. ചോലക്കര മുഹമ്മദ് സ്വാഗതവും ടി.വി. നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.