എന്‍ജിനീയറിങ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ കൂടി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിൽ ഈ വർഷം വർധന. കഴിഞ്ഞ വർഷം 47,629 പേർ മാത്രമായിരുന്നു റാങ്ക് പട്ടികയിൽ ഇടംപിടിച്ചതെങ്കിൽ ഇത്തവണയിത് 3229 പേർ വർധിച്ച് 50,858 ആയി. റാങ്ക് പട്ടികയിൽ ഇടംപിടിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വർധനക്ക് വഴിയൊരുക്കും.
ഈ വർഷം 77,005 പേർ പരീക്ഷയെഴുതിയതിൽ 58,570 പേർ രണ്ട് പേപ്പറുകളിലും മിനിമം സ്കോറായ 10 വീതം നേടി യോഗ്യത പട്ടികയിൽ ഉൾപ്പെട്ടു. ഇവരിൽ പ്ലസ് ടു പരീക്ഷയിലെ മാർക്ക് സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 50,858 പേരാണ്.
പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടും 7712 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചില്ല. പ്ലസ് ടു മാർക്ക് സമർപ്പിക്കാത്തവർക്ക് പുറമെ, പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിൽ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം നിശ്ചിത ശതമാനം മാർക്ക് നേടാത്തവരെയും റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല. കഴിഞ്ഞ വർഷം 73,977 പേർ പരീക്ഷയെഴുതിയതിൽ 51,031 പേരാണ് യോഗ്യത നേടിയത്.
പ്ലസ് ടു മാർക്ക് സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 47,629 പേർ. യോഗ്യത നേടിയിട്ടും റാങ്ക് പട്ടികയിൽ ഇടംപിടിക്കാത്തവർ 3402 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാന സിലബസിൽ പഠിച്ച് ആദ്യ 5000 റാങ്കിൽ ഇടംപിടിച്ചവരുടെ എണ്ണവും ഇത്തവണ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 2112 പേരുണ്ടായിരുന്നത് ഇത്തവണ 2215 ആയി.
കഴിഞ്ഞ വർഷം സി.ബി.എസ്.ഇ സിലബസിൽ പഠിച്ചവർ ആദ്യ 5000 റാങ്കിൽ 2602 പേരുണ്ടായിരുന്നത് ഇത്തവണ 2568 ആയി കുറഞ്ഞു. സമീപകാലത്ത് ഏറ്റവും കൂടുതൽ പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 2020ൽ ആയിരുന്നു. 71,742 പേർ പരീക്ഷയെഴുതിയതിൽ 56,599 പേർ യോഗ്യത നേടുകയും 53,236 പേർ റാങ്ക് പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.