വിദ്യാഭ്യാസ പരിഷ്കാരം പഠിക്കാൻ ഇന്ത്യൻസംഘം ഇസ്രായേലിൽ
text_fieldsജറൂസലം: ഇസ്രായേൽ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന നൂതന പരിഷ്കാരങ്ങൾ പഠിക്കാൻ 24 അംഗ ഇന്ത്യൻ വിദഗ്ധ സംഘം ഇസ്രായേൽ സന്ദർശിച്ചു. ആറു ദിവസം നീളുന്ന സന്ദർശനത്തിൽ ഇസ്രായേലിന്‍റെ നൂതന വിദ്യാഭ്യാസ സമ്പ്രദായവും ഡേറ്റ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ചുള്ള വിജയകരമായ പെഡഗോഗിക്കൽ മാതൃകകൾ വിലയിരുത്തുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ഇതനുസരിച്ച് അധ്യാപന രീതികളിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യമിടുന്നത്.
ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിയും ഇസ്രായേൽ വാണിജ്യകാര്യ മന്ത്രാലയത്തിന്‍റെ ഫോറിൻ ട്രേഡ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗവുമായി സഹകരിച്ച് ഇന്ത്യയിലെ അലയൻസ് ഫോർ റീ ഇമാജിനിങ് സ്കൂൾ എജുക്കേഷനാണ് സന്ദർശനത്തിന് അവസരമൊരുക്കിയത്. 21ന് തുടങ്ങിയ പര്യടനം 26ന് അവസാനിച്ചു.
ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയം, എക്സ്പോർട്ട് ആൻഡ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്, പെറസ് സെന്‍റർ ഫോർ പീസ് ആൻഡ് ഇന്നൊവേഷൻ, സ്റ്റാർട്ട് അപ് നാഷൻ സെൻട്രൽ, ഷിമോൺ പെരസ് ഹൈസ്കൂൾ തുടങ്ങിയവ സംഘം സന്ദർശിച്ചു. ഇന്ത്യയിൽനിന്ന് ഇസ്രായേലിലേക്ക് പോയ ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിനിധിസംഘമായിരുന്നുവെന്നും വിദ്യാഭ്യാസമേഖലയിൽ സഹകരിക്കുന്നതിനുള്ള വിവരങ്ങൾ ഇരുവിഭാഗവും പങ്കുവെച്ചതായും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൻ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ വിദ്യാഭ്യാസ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ തേടാനും പ്രതിനിധിസംഘം ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് സിംഗ്ലയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.