ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപക പരിശീലനം കേരളത്തിൽ തുടങ്ങി
text_fieldsഇന്ത്യയിലെ ആദ്യത്തേതും ബൃഹത്തായതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപക പരിശീലനം കേരളത്തിൽ തുടങ്ങി. ഇതിന്റെ മൊഡ്യൂൾ കഴിഞ്ഞ ദിവസം മൂന്നാറിൽ പ്രകാശനം ചെയ്തതതായി മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. മെയ് രണ്ട് മുതൽ ആഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ഈ പരിശീലനത്തിൽ എൺപതിനായിരം അധ്യാപകർ പങ്കെടുക്കും. ഓരോ അധ്യാപകർക്കും ഇന്റർനെറ്റ് സംവിധാനമുള്ള ലാപ്‌ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് പ്രായോഗിക പരിശീലനമാണ് നൽകുന്നതെന്ന് മന്ത്രി അറിയിച്ചു.
എ.ഐ. സാധ്യതകൾ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ പരിമിതികളും ഡീപ്പ് ഫെയ്ക്, സ്വകാര്യത പ്രശ്‌നം തുടങ്ങിയ മേഖലകളിലും അധ്യാപകർക്ക് ഈ പരിശീലനത്തിലൂടെ ബോധവൽക്കരണം നടത്തും.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളിൽ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ അധ്യാപകരെയും പരിശീലിപ്പിക്കും.
രണ്ടാം ഘട്ടത്തിൽ പ്രൈമറി മേഖലയിലേക്കും അപ്പർ പ്രൈമറി മേഖലിലേയ്ക്കും പരിശീലനം വ്യാപിപ്പിക്കും. ഡിസംബർ 31 ഓടു കൂടി കേരളത്തിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രായോഗിക പരിശീലനം നൽകി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നിൽ കാഴ്ച വെക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.