കാലിക്കറ്റിലെ സസ്യശാസ്ത്ര ഗവേഷകര്‍ക്ക് അന്താരാഷ്ട്ര പുരസ്കാരം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പിലെ ഗവേഷക സംഘത്തിന് അന്താരാഷ്ട്ര ഹാന്‍സാതെക് പുരസ്കാരം. സര്‍വകലാശാല പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, അസി. പ്രഫസര്‍മാരായ മഞ്ചേരി യൂനിറ്റി വനിത കോളജിലെ ഡോ. പി. ഫസീല, തൃശൂര്‍ ശ്രീകേരള വര്‍മ കോളജിലെ ഡോ. എ.കെ. സിനിഷ, സ്ലോവാക്യയിലെ സ്ലോവാക് സര്‍വകലാശാല പ്ലാന്റ് ഫിസിയോളജി പഠനവകുപ്പിലെ മരിയന്‍ ബ്രസ്റ്റിക് എന്നിവര്‍ക്കാണ് അവാര്‍ഡ്.
ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രശസ്തമായ 'ഫോട്ടോസിന്തറ്റിക' ജേണലില്‍ ഇവരുടെ പേരില്‍ പ്രസിദ്ധീകരിച്ച പഠന ലേഖനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സൈറ്റേഷന്‍സ് ലഭിച്ചതിന്റെ പേരിലാണ് പുരസ്കാരം. പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച വിത്തിനമായ 'മംഗള മസൂറി' കാലാവസ്ഥ വ്യതിയാനങ്ങളോട് പ്രതികരിക്കുന്നതിനെക്കുറിച്ചായിരുന്നു പഠനം.
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ സര്‍വകലാശാല പ്രഫ. റിട്ടോ ജെ. സ്ട്രാസറിനോടുള്ള ആദരസൂചകമായി പുറത്തിറങ്ങിയ ജേണലിന്റെ പ്രത്യേക പതിപ്പിലാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉപ്പുവെള്ളം, ഘനലോഹ സാന്നിധ്യം തുടങ്ങിയ വ്യതിയാനങ്ങളില്‍ നെല്‍വിത്തിന്റെ വളര്‍ച്ച പ്രതികരണങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം.
കണ്ടലുകള്‍ ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണവും ഡോ. ജോസ് പുത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കീഴില്‍ പുരോഗമിക്കുന്നുണ്ട്. പുരസ്കാരത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന അള്‍ട്ര പോര്‍ട്ടബിള്‍ ക്ലോറോഫില്‍ ഫ്ലൂറസന്‍സ് മെഷറന്‍മെന്റ് സംവിധാനം ഇവര്‍ക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.