ഒരേയൊരു ജെ.എന്‍.യു
text_fieldsജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാലയില്‍ (ജെ.എൻ.യു) ഫിസിക്സില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിയുമായി സംസാരിച്ചപ്പോൾ അവൻ പറഞ്ഞത് ഭാഷാപഠനം കഴിഞ്ഞവര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഡൽഹിജെ.എൻ.യു എന്നത്. ജെ.എൻ.യു പൊതുവേ പരാമര്‍ശിക്കപ്പെടുന്നത്, ഒരു സോഷ്യല്‍ സയന്‍സ് സർവകലാശാല ആയിട്ടാണ്. പക്ഷേ, സത്യത്തില്‍ അതിനു ഭാഷാ സർവകലാശാലയുടെ സ്വഭാവമാണുള്ളത്. എന്നാല്‍, ജെ.എൻ.യു രണ്ടുമാണ്. ഒരുപോലെ സോഷ്യല്‍ സയന്‍സിനും ഭാഷക്കും പ്രാധാന്യമുള്ള സർവകലാശാല. ഡിഗ്രി തലത്തില്‍ ഭാഷാ കോഴ്സുകള്‍ മാത്രമേ കാര്യമായി അവിടെ ഉള്ളൂ.
കോര്‍പറേറ്റ് കമ്പനികള്‍, അന്താരാഷ്ട്ര സംഘടനകള്‍,വിദേശ എംബസികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയിലൊക്കെ ജെ.എൻ.യു ബിരുദധാരികളുടെ സാന്നിധ്യം നമുക്ക് കാണാം. മുന്‍പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ് ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥിയും അധ്യാപകനും ആയിരുന്നു. ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രിയും മുന്‍ ഐ എഫ് എസ് ഓഫീസറുമായിരുന്ന എസ് ജയശങ്കര്‍, നോബല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി, മുന്‍ ലിബിയന്‍ പ്രസിഡന്‍റ് അലി സിദാന്‍, സിവില്‍ സര്‍വീസ് ഓഫീസര്‍മാരായിരുന്ന അമിതാഭ് കാന്ത്, വേണു രാജാമണി പോലുള്ളവരും, രാഷ്ട്രീയ നേതാക്കന്മാരായ സീതാറാം യെച്ചൂരി പോലുള്ളവരും ജെ എന്‍ യൂ ഉത്പന്നങ്ങളാണ്.
എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ രണ്ടാമത്തെ മികച്ച സര്‍വകലാശാലയാണ് ജെ എന്‍ യൂ. ദേശീയതലത്തില്‍ മൊത്തം സ്ഥാപനങ്ങളില്‍ പത്താം സ്ഥാനമുണ്ട്.ക്യൂ എസ് റാങ്കിംഗ് പ്രകാരം അന്താരാഷ്ട്രാ റാങ്കിങ്ങില്‍ 561-571 സ്ഥാനത്താണ് ജെ എന്‍ യൂ വരുന്നത്. ഇങ്ങിനെ ഒരു മികവു കേന്ദ്ര സർവകലാശാലകളിൽ ജെ എന്‍ യു വിനു മാത്രം അവകാശപ്പെട്ടതാണ്.
ഇന്ത്യയില്‍ പ്രധാന പ്രതിരോധ-സൈനിക പരിശീലന പദ്ധതികളുടെ ബിരുദതല സര്‍ട്ടിഫിക്കേഷനും അംഗീകാരവും ജെ.എൻ.യു വിന്റേതാണ്. നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി എന്നിവയിലെ വിദ്യാര്‍ഥികളുടെ ബിരുദതല സര്‍ട്ടിഫിക്കേഷന്‍ ജെ.എൻ.യു ആണ് നല്‍കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച 13 സ്വതന്ത്ര ഗവേഷണ പഠന സ്ഥാപനങ്ങള്‍ ജെ.എൻ.യു അംഗീകാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, രാമന്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ചിലത് മാത്രം. ജെ.എൻ.യുവില്‍ പഠിച്ചു എന്ന് പറയുന്നതുതന്നെ ഒരു യോഗ്യതയായി മാറിയിരുന്നു ഒരുകാലത്ത്. ലൈഫ് സയന്‍സ്, ഫിസിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഇന്റര്‍നാഷനല്‍ സ്റ്റഡീസ് എന്നിവയിലെ പി ജി തലത്തിലെ കോഴ്സുകളുടെ മികവും ഗവേഷണ പഠനങ്ങളിലെ മൌലികതയുമാണ് ജെ എന്‍ യൂ വിനെ മറ്റ് സർവകലാശാലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒട്ടുമിക്ക വകുപ്പിൽ നിന്ന് ഡോക്ടറല്‍ - പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനുള്ള വിദേശ ഫെല്ലോഷിപ്പ്കള്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ധാരാളമായി കിട്ടുന്നുണ്ട് എന്നതാണ് സർവകലാശാലയുടെ മറ്റൊരു പ്രത്യേകത.
എം എ ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ എം എസ് സി ലൈഫ് സയന്‍സ്, എന്‍വയോന്‍മെന്റല്‍ സയന്‍സ്, ഫിസിക്സ്, എം സി എ മുതലായ മികച്ച അനവധി പി ജി കോഴ്സുകള്‍ ജെ എന്‍ യു ക്യാമ്പസില്‍ നല്‍കി വരുന്നു. പ്രവേശനം സി യൂ ഇ ടി - പി ജി പരീക്ഷയിലെ മികവിനനുസരിച്ചാണ്.
ബി.എ അറബിക്, ജാപ്പനീസ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, കൊറിയന്‍ അടക്കം പത്ത് ഭാഷാ ഡിഗ്രികളാണ് ഇവിടെ നല്‍കി വരുന്നത്. ആയുര്‍വേദ ബയോളജി മാത്രമാണ് ഒരു വ്യത്യസ്തമായ കോഴ്സായി ഇവിടെയുള്ളത്. പതിനൊന്നോളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ജെ.എൻ.യുവില്‍ ഉണ്ട്. സി.യു.ഇ.ടി പരീക്ഷ വഴിയാണ് പ്രവേശനം. സി.യു.ഇ.ടി അപേക്ഷിക്കുകയും പരീക്ഷഫലം വന്നതിനുശേഷം സി.യു.ഇ.ടി സൈറ്റില്‍ പ്രവേശന പോര്‍ട്ടലില്‍ മാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.