ബിരുദദാനത്തിന് തൊട്ടുമുമ്പ് ജാദവ്പൂർ വി.സിയെ നീക്കി ഗവർണർ; മണിക്കൂറുകൾക്കകം പുനർനിയമിച്ച് ബംഗാൾ സർക്കാർ
text_fieldsകൊൽക്കത്ത: ബിരുദദാന ചടങ്ങിന് തൊട്ടുമുമ്പായി കൊൽക്കത്ത ജാദവ്പൂർ സർവകലാശാലയിലെ ഇടക്കാല വൈസ് ചാൻസലർ ബുദ്ധദേബ് സാഹുവിനെ ചുമതലയിൽനിന്ന് നീക്കി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എന്നാൽ, ഗവർണർ ചുമതല നീക്കി മണിക്കൂറുകൾക്കകം വി.സിയുടെ ചുമതല സംസ്ഥാന സർക്കാർ പുന:സ്ഥാപിച്ചു. ബിരുദദാന ചടങ്ങ് വി.സിയുടെ നേതൃത്വത്തിൽ തന്നെ നടക്കുമെന്നും പ്രഖ്യാപിച്ചു.
രാജ്യത്തെ തന്നെ പ്രമുഖ സർവകലാശാലകളിലൊന്നായ ജാദവ്പൂരിലെ പ്രധാന പരിപാടികളിലൊന്നാണ് ബിരുദദാന ചടങ്ങ്. ഡിസംബർ 24ന് നടക്കുന്ന ചടങ്ങിന് തലേദിവസം മുമ്പാണ് വി.സിയെ പുറത്താക്കി ഗവർണർ ഉത്തരവിടുന്നത്.
അച്ചടക്കനടപടിയുടെ ഭാഗമായാണ് ചാൻസലർ കൂടിയായ ഗവർണർ ശനിയാഴ്ച വൈകീട്ട് വി.സിയെ പുറത്താക്കി ഉത്തരവിട്ടത്. ഈ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ രൂക്ഷ വിമർശനമുയർത്തിയിരുന്നു. തുടർന്നാണ്, ബുദ്ധദേബ് സാഹുവിന് ബിരുദദാനത്തിൽ പങ്കെടുക്കാൻ വൈസ് ചാൻസലറുടെ ചുമതല പുന:സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
പശ്ചിമബംഗാളിൽ സർക്കാറും ഗവർണറും തമ്മിലെ പോര് രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. എല്ലാ വർഷവും ഡിസംബർ 24നാണ് ജാദവ്പൂർ സർവകലാശാലയിൽ ബിരുദദാനം നടക്കാറ്. എന്നാൽ, ഇത്തവണ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ സി.വി. ആനന്ദബോസ് ബിരുദദാന ചടങ്ങിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ, വൈസ് ചാൻസലർ ബിരുദദാന ചടങ്ങുമായി മുന്നോട്ടുപോയി. ഇതാണ് ഗവർണറെ ചൊടിപ്പിച്ചതും വി.സിയെ ചുമതലയിൽ നിന്ന് നീക്കിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.