എം.ബി.എ പഠനത്തിന് കെ-മാറ്റ്
text_fieldsമാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പഠനത്തിനായുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ് 2024) ആദ്യ സെഷന് പ്രവേശന പരീക്ഷ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ ഫെബ്രുവരി ഒമ്പത് വൈകീട്ട് നാലു വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി വിഭാഗത്തിന് 500 രൂപ മതി. പട്ടികവർഗക്കാർക്ക് ഫീസില്ല.
യോഗ്യത: ബിരുദം (ആർട്സ്, സയൻസ്, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ്). അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എം.ബി.എ പ്രവേശനത്തിന് നിഷ്കർഷിച്ച മാർക്കിൽ കുറയാതെ ബിരുദമെടുത്തിരിക്കണം. പ്രായപരിധിയില്ല.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. മൂന്നു മണിക്കൂർ പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഡേറ്റ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസനിങ്, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ എന്നിവയിൽ മൾട്ടിപ്ൾ ചോയ്സ് മാതൃകയിൽ 180 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് നാലു മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും. ആകെ 720 മാർക്കിനാണ് പരീക്ഷ. ടെസ്റ്റിൽ യോഗ്യത നേടുന്നതിന് ജനറൽ, എസ്.ഇ.ബി.സി വിഭാഗങ്ങളിൽപെടുന്നവർ ചുരുങ്ങിയത് 10 ശതമാനം മാർക്ക് (72 മാർക്ക്) കരസ്ഥമാക്കണം. എസ്.സി/എസ്.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർ 7.5 ശതമാനം കട്ട് ഓഫ് മാർക്ക് (54 മാർക്ക്) നേടണം.
‘കെ-മാറ്റ് 2024’ യോഗ്യത നേടുന്നവർക്ക് കേരളത്തിലെ വിവിധ സർവകലാശാലകളുടെ വകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന എം.ബി.എ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുള്ളവർക്കാണ് അവസരം. പട്ടികവിഭാഗക്കാർക്ക് മാർക്ക് ഇളവുണ്ടാവും. സാധാരണഗതിയിൽ കെ-മാറ്റ് സ്കോറിന് 80 ശതമാനം, ഗ്രൂപ് ചർച്ചക്ക് 10 ശതമാനം, വ്യക്തിഗത അഭിമുഖത്തിന് 10 ശതമാനം വെയിറ്റേജ് നൽകിയാണ് എം.ബി.എ പ്രവേശനം. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അതത് സർവകലാശാലകളുടെ പ്രവേശന വിജ്ഞാപനത്തിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.