ഇടതുകൈ കൊണ്ട് സിവിൽ സർവിസ് എഴുതിയെടുത്ത് കാജൽ; വരവേൽക്കാനൊരുങ്ങി നാട്
text_fieldsനീലേശ്വരം: ജന്മനാ വലതുകൈ ഇല്ലാതിരുന്നിട്ടും ഇച്ഛാശക്തി കൈവിടാതെ ഇടൈങ്കകൊണ്ട് പരീക്ഷയെഴുതി സിവിൽ സർവിസ് റാങ്ക്ജേതാവായ നീലേശ്വരത്തെ മിടുക്കിയെ സ്വീകരിക്കാൻ നാടൊരുങ്ങി. സിവിൽ സർവിസ് പരീക്ഷയിൽ 910 ാം റാങ്ക് നേടി കാസർകോട് ജില്ലക്കും ജന്മനാടായ നീലേശ്വരത്തിനും അഭിമാനായ പള്ളിക്കര കുഞ്ഞിപ്പുളിക്കലിലെ കാജൽ രാജുവിനെ കാത്തിരിക്കുന്നത് അനുമോദനങ്ങളുടെ നീണ്ടനിര.
2014ലിൽ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർഥിയായിരുന്നു. ഹോസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിനു മുന്നോടിയായുള്ള കൗൺസലിങ് നടക്കുന്ന വേളയിൽ വലതു കൈപ്പത്തി ഇല്ലാത്തതുകൊണ്ട് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ചാൽ ലാബിൽ പ്രായോഗിക പരിശീലനം നടത്താനുള്ള ബുദ്ധിമുട്ട് കൗൺസലിങ് ടീമിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
സയൻസ് എടുക്കാൻ പറ്റില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ട കാജലിെന്റ മുഖം അധ്യാപകരിലും വിഷമമുണ്ടാക്കി. കുട്ടിയുടെ താൽപര്യവും അഭിരുചിയും മനസ്സിലാക്കി സിവിൽ സർവിസാണ് ഇഷ്ടം എന്നുപറഞ്ഞപ്പോൾ ഹോസ്ദുർഗ് സ്കൂളിലെ ഹ്യുമാനിറ്റീസ് ബാച്ചിൽ പ്ലസ് വണിനു ചേർന്നു. സിവിൽ സർവിസ് സ്വപ്നംകണ്ട കുട്ടിക്ക് അന്ന് ആ ക്ലാസിൽ പഠിപ്പിച്ച എല്ലാ അധ്യാപകരും പിന്തുണയുമായെത്തി.
സ്കൂളിലെ എൻ.എസ്.എസ്, കലോത്സവം, സാമൂഹ്യശാസ്ത്ര മേളകൾ എന്നിവയിലൊക്കെ സജീവ സാന്നിധ്യമായി കാജൽ മാറി. ഒപ്പം നല്ല വായനശീലവും. ഹ്യുമാനിറ്റീസ് കുട്ടികൾക്ക് പ്രവേശനംകിട്ടുന്ന ചെന്നൈ ഐ.ഐ.ടിയുടെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പിനായി പ്രത്യേക മാർഗനിർദേശങ്ങളും നൽകി. പ്രവേശന പരീക്ഷയിൽ എട്ടാം റാങ്കോടുകൂടി ചെന്നൈ ഐ.ഐ.ടിയിൽ പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കി.
പിന്നീട് തിരുവനന്തപുരത്തും പെരിന്തൽമണ്ണയിലുമൊക്കെയായി സിവിൽ സർവിസ് പരിശീലനം. ഒടുവിൽ കാത്തിരുന്ന ആ ദിവസം എത്തി. 910ാം റാങ്കിൽ സിവിൽ സർവിസ് മെയിൻ ലിസ്റ്റിൽ കാജൽ ഇടം പിടിച്ചു. കഠിനാധ്വാനത്തിലൂടെനേടിയ ഈ വിജയത്തിൽ നീലേശ്വരമെന്ന നാടും അങ്ങേയറ്റം അഭിമാനിക്കുന്നു. മികച്ച ഒരു ഗായിക കൂടിയാണ് റാങ്ക് ജേതാവായ കാജൽ.
നാട്ടിൽ അവധിക്ക് എത്തിയാൽ പള്ളിക്കരയിലെ വായനശാലകളിലെത്തി കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്ത് കൊടുക്കുന്നത് പതിവുപരിപാടിയാണ്. കർഷകനായ രാജുവിെന്റയും ഷീബയുടെയും മൂത്ത മകളാണ്. സഹോദരൻ കരൺ ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.