കേരള ഓപ്പണ്‍ യൂനിവേഴ്സിറ്റി: കണ്ണൂർ സർവകലാശാലക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന്
text_fieldsകണ്ണൂർ: വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ സര്‍വകലാശാലയില്‍നിന്ന് വേര്‍പെടുത്തി കേരള ഓപ്പണ്‍ യൂനിവേഴ്സിറ്റി രൂപവത്കരിച്ചതുമൂലം വന്‍ സാമ്പത്തികനഷ്ടം വന്നതായി റിപ്പോർട്ട്.
സിന്‍ഡിക്കേറ്റ് അംഗം അഡ്വ. സന്തോഷ് കുമാര്‍ അവതരിപ്പിച്ച 2022-23 സാമ്പത്തിക വര്‍ഷത്തെ സർവകലാശാല ബജറ്റിലാണ് ഇതുസംബന്ധിച്ച പരാമർശം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 5.28 കോടി രൂപ ലഭിച്ചിരുന്നിടത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3.19 കോടി രൂപ മാത്രമാണ് ലഭിച്ചത്. 2.10 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കൂടാതെ കോസ്റ്റ് ഷെയറിങ് ഇനത്തില്‍ നടത്തുന്ന കോഴ്സുകളില്‍നിന്ന് ലഭിക്കുന്ന വരുമാനം പല വിഷയങ്ങളിലും കുട്ടികളുടെ ലഭ്യതക്കുറവുമൂലം കുറഞ്ഞുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ സാമ്പത്തികസ്ഥിതിയില്‍ സര്‍വകലാശാലയുടെ തനതുവരുമാനം വർധിപ്പിക്കുന്നതിലേക്കായി വഴികള്‍ കണ്ടെത്തണമെന്നും നിർദേശമുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 51.45 കോടി രൂപയായിരുന്ന ഓപ്പണിങ് ബാലന്‍സ് 2021-22 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 15.42 കോടി രൂപയായി കുത്തനെ താഴ്ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തനത് വരുമാനത്തില്‍ ഏകദേശം 15.59 കോടി രൂപയുടെ കുറവ് വന്നിട്ടുണ്ട്.
അക്കാദമികതലത്തില്‍ നവീനവും തൊഴിലധിഷ്ഠിതവുമായ പുതിയ മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി ഡിപ്ലോമ കോഴ്സുകള്‍, സായാഹ്ന എം.ബി.എ കോഴ്സ്, വിവിധ പഠനവകുപ്പുകളില്‍ നൈപുണ്യ വികസന പ്രോഗ്രാമുകള്‍, വിദ്യാർഥിസമൂഹത്തിെൻറ ആവശ്യങ്ങൾക്ക് അനുസൃതമായി പുതിയ ഓണ്‍ലൈന്‍, ഓഫ്ലൈന് കോഴ്സുകള്‍ എന്നിവ ഈവര്‍ഷം ആരംഭിക്കും. സര്‍വകലാശാലയിലെ അക്കാദമിക, അക്കാദമികേതര അറിവുകള്‍ സമൂഹത്തിനും വിദ്യാർഥികള്‍ക്കും നല്‍കുന്നതിന് ഓണ്‍ലൈന്‍ ടി.വി ചാനല്‍ ആരംഭിക്കുന്നതിന് സാധ്യത തേടും.
2022-23 വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ ബാക്കി ഉള്‍പ്പെടെ 208.78 കോടി രൂപ വരവും 194.33 കോടി രൂപ ചെലവും വര്‍ഷാവസാനം 14.45 കോടി രൂപ നീക്കിയിരിപ്പുമാണ് പ്രതീക്ഷിച്ചിരിക്കുന്നത്. പദ്ധതിയിനത്തില്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് 22.70 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചെലവുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.