കണ്ണൂർ സർവകലാശാല: സെമസ്റ്റർ പഠനം പാതി പിന്നിട്ടു; പാഠപുസ്തകമില്ല
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല ഹിന്ദി ബിരുദ കോഴ്സിൽ സെമസ്റ്റർ പഠനം പാതി പിന്നിട്ടിട്ടും പാഠപുസ്തകം തയാറായിട്ടില്ല. ബി.എ ഹിന്ദി കോഴ്സിൽ ആറാം സെമസ്റ്ററിലുള്ള 'ആധുനിക ഏവം സമകാലീൻ ഹിന്ദി കവിത' പേപ്പറിന് വേണ്ടിയുള്ള 'കാവ്യ രത്നാകർ' എന്ന പുസ്തകമാണ് ഇനിയും വിദ്യാർഥികളിൽ എത്താത്തത്. സെമസ്റ്റർ തുടങ്ങി രണ്ടര മാസമെത്താറായിട്ടും പുസ്തകം ലഭിക്കാത്ത അവസ്ഥയാണ്. വാണി പ്രകാശൻ ഡൽഹിക്കാണ് പുസ്തക പ്രസിദ്ധീകരണത്തിനുള്ള ചുമതല. 2019 ജൂൺ 20നാണ് നടപ്പ് ബിരുദ കോഴ്സിലേക്കുള്ള സിലബസ് തയാറായത്. മൂന്നുവർഷം പൂർത്തിയാകുന്ന സമയത്തുപോലും നിശ്ചയിച്ച പാഠപുസ്തകം തയാറാകാത്തത് തികഞ്ഞ അലംഭാവമായാണ് ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂർ സർവകലാശാല യു.ജി പഠന ബോർഡിന്റെ നിർദേശ പ്രകാരമാണ് ഈ പാഠഭാഗം സിലബസിൽ ഉൾപ്പെടുത്തിയത്.
സിലബസ് പ്രകാരം ആഴ്ചയിൽ ആറ് പീരിയഡ് പഠിപ്പിക്കേണ്ട പ്രാധാന്യമുള്ള പാഠപുസ്തകമാണ് കൃത്യസമയത്ത് ലഭിക്കാത്തത്. ഡിസംബറിൽ ആരംഭിക്കേണ്ട ആറാം സെമസ്റ്റർ കോഴ്സ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജനുവരിയിലാണ് ആരംഭിച്ചത്. അക്കാദമിക് കലണ്ടർ പ്രകാരം മേയ് മാസത്തിനുള്ളിൽ സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കേണ്ടതുണ്ട്.
കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് ഫെബ്രുവരി അവസാനത്തോടുകൂടിയാണ് കേരളത്തിലെ കോളജുകളിൽ ഓഫ്ലൈൻ പഠനം ആരംഭിച്ചത്. അതുവരെ ഓൺലൈൻ പഠനമായതിനാൽ വിദ്യാർഥികൾക്ക് ലൈബ്രറികളെ ആശ്രയിക്കാനോ ഈ പേപ്പറിനാധാരമായ റഫറൻസ് പഠനം നടത്താനോ സാധിക്കാത്ത സ്ഥിതിയായിരുന്നു. പരീക്ഷക്ക് ഇനി രണ്ടര മാസം മാത്രം അവേശിഷിക്കേ ഇനിയും പാഠപുസ്തകം ലഭിക്കാത്തത് വിദ്യാർഥികൾക്ക് ഇരട്ടി പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
കൂടാതെ പേപ്പറിന്റെ പ്രാതിനിധ്യം ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പല സർവകലാശാലകളിലും ഹിന്ദി ഉന്നത പഠനത്തിന് അവരുടെ സിലബസിൽ ഈ പുസ്തകത്തിലെ കവിതകൾ തുടർ പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഉന്നത പഠനത്തിന് വിദ്യാർഥികൾക്ക് മുൻകൂട്ടി വേണ്ട അറിവ് ലഭിക്കാതെ പോകുന്നത് വലിയ പോരായ്മയാകുമെന്ന് വിഷയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പരിചയസമ്പന്നരായ അധ്യാപകരെ മാറ്റിനിർത്തി സ്ഥാപിത താൽപര്യങ്ങൾ മുൻനിർത്തി പഠന ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നതാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്ന് കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. ആർ.കെ. ബിജു 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.