കാസർകോട് കോളജ്; അധിക ബിരുദ സീറ്റുകളിൽ പ്രവേശനം നാമമാത്രം
text_fieldsകാസർകോട്: സർക്കാർ കോളജുകളിൽ അധികമായി അനുവദിച്ച ബിരുദ സീറ്റുകളിൽ പ്രവേശനം നാമമാത്രം. വർധിച്ച പ്ലസ്ടു വിജയത്തെ മറികടക്കാൻ സർക്കാർ കണ്ടെത്തിയ പോംവഴിയായിരുന്നു സർക്കാർ കോളജുകളിലെ സീറ്റുകളിൽ ഇരട്ടിയോളം വർധന അനുവദിച്ച് ഇറങ്ങിയ ഉത്തരവ്.
ഈ ഉത്തരവിനനുസരിച്ച് പ്രവേശനം നൽകാൻ കോളജുകൾ തയാറായില്ല. അടിസ്ഥാന സൗകര്യ പ്രശ്നം ഉന്നയിച്ചാണ് സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് പിന്നാക്കം പോകാൻ ഗവ.കോളജുകൾ കാരണമായി പറയുന്നത്. അതേസമയം, സർക്കാർ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച വിദ്യാർഥികൾ നിരാശരായി.
ഉത്തരവിൽ 'സൗകര്യമനുസരിച്ച്' പ്രവേശനം നൽകിയാൽ മതിയെന്ന് പ്രത്യേകം പരാമർശിച്ചതിനാൽ പ്രവേശനം നൽകാതിരിക്കാനും കോളജുകൾക്കാവും. കാസർകോട് ഗവ.കോളജിൽ 28 സീറ്റുകളുള്ള ബിരുദ കോഴ്സിലേക്ക് 70 ഓളം പേർക്ക് പ്രവേശനം നൽകാനാണ് ഉത്തരവ്.
എന്നാൽ, ക്ലാസ് നിർമിച്ചത് 30 കുട്ടികൾക്കു വേണ്ടിയാണ്. നാലുകുട്ടികൾ ഇരിക്കുന്ന സീറ്റിൽ ഇരട്ടിയോളം കുട്ടികളെ ഇരുത്താനാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഉത്തരവ് മാനിക്കുന്നതിന്റെ ഭാഗമായി ഒന്നും രണ്ടും കുട്ടികൾക്ക് മാത്രമാണ് ചില കോഴ്സുകളിൽ പ്രവേശനം നൽകിയത്.
ബാച്ച് വർധിപ്പിക്കാതെ സീറ്റുകൾ വർധിപ്പിച്ചത് സർക്കാറിന്റെ അധിക ബാധ്യത ഒഴിവാക്കാനാണ് എന്നതാണ് സർക്കാർ പക്ഷം. കൂടുതൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ വാദം. കോളജുകളിൽ ബിരുദ കോഴ്സുകൾക്ക് പരമാവധി 70 സീറ്റുകളിലാണ് പ്രവേശനം അനുവദിച്ചത്.
ബിരുദ കോഴ്സുകളിൽ 300ഒാളം പേർക്ക് പ്രവേശനം കിട്ടുമായിരുന്നു. 51 സീറ്റുളള ബി.എ ഇക്കണോമിക്സ്, ബി.എ മലയാളം (38), ബി.എ ഹിസ്റ്ററി (50), ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (26) എന്നീ വിഷയങ്ങളിൽ സീറ്റുകൾ വർധിപ്പിച്ചില്ല. ബി.എ ഇംഗ്ലീഷ്, ബി.എ കന്നഡ, എന്നീ വിഷയങ്ങളിൽ പത്തുപേർക്കു വീതം അധികം പ്രവേശനം നൽകി.
ബി.കോം കോഓപറേഷൻ (3), ബി.എസ്.സി ബോട്ടണി (6), ബി.എസ്.സി കെമിസ്ട്രി(2), ബി.എസ്.സി ജിയോളജി(6), ബി.എസ്.സി (2) എന്നിങ്ങനെയാണ് വർധന. 469 വിദ്യാർഥികൾക്കാണ് ഇത്തവണ കാസർകോട് ഗവ. കോളജിൽ പ്രവേശനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.