കാസർകോട്ട് വിദേശഭാഷ പഠനകേന്ദ്രം പരിഗണനയിൽ
text_fieldsകാസർകോട്: കണ്ണൂർ സർവകലാശാലക്കുകീഴിൽ കാസർകോട്ട് വിദേശഭാഷ പഠനകേന്ദ്രം ആലോചനയിൽ. വാഴ്സിറ്റി കാസർകോട് ചാല കാമ്പസാണ് പരിഗണിക്കുന്നത്. സർവകലാശാല ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് ഗൗരവത്തിൽ ആലോചിക്കുന്നുണ്ട്.
തൊഴിലെടുക്കാൻ യൂറോപ് ഉൾപ്പെടെ വിദേശത്തേക്കുപോകുന്ന യുവാക്കളെയാണ് ലക്ഷ്യമാക്കുന്നത്. നേരത്തെ കേരളത്തിൽ തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് ഗൾഫ് നാടുകളിലേക്ക് കുടിയേറിയിരുന്നത്. ഇപ്പോൾ വിദേശ തൊഴിൽ ലക്ഷ്യമിട്ട് പഠിക്കുന്നവരുടെയും യൂറോപ്, റഷ്യ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നവരുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ കോഴ്സിന്റെ സാധ്യത സർവകലാശാല കാണുന്നത്. ജർമൻ, ഫ്രഞ്ച്, റഷ്യ, അറബി ഭാഷകളാണ് കോഴ്സിൽ പ്രാഥമികമായി പരിഗണിക്കുന്നത്.
സർവകലാശാലയുടെ ഭാഷാവൈവിധ്യ പഠനകേന്ദ്രം മഞ്ചേശ്വരം കാമ്പസിലാണ് തീരുമാനിച്ചത്. മഞ്ചേശ്വരത്തെ സ്ഥലപരിമിതി കാരണം കാസർകോട് ചാല കാമ്പസിലേക്ക് മാറ്റുകയാണ്. ചാലയിൽ ബി.എഡ് കോഴ്സ് മാത്രമേയുള്ളൂ. ഇവിടെയുണ്ടായിരുന്ന എം.സി.എ കോഴ്സ് ഇപ്പോഴില്ല. ബഹുഭാഷ ഭൂമിയായ കാസർകോട്ട് ഭാഷാവൈവിധ്യവും വിദേശഭാഷ കോഴ്സും ഒരുമിച്ചു കൊണ്ടുപോവുകയെന്ന ആശയമാണ് രൂപപ്പെട്ടിരിക്കുന്നത്. ഹ്രസ്വകാല കോഴ്സ് കാസർകോട്ട് തുടങ്ങിയാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കുട്ടികളെ ലഭിക്കും. ഇതിന് അധ്യാപകരെ ലഭിക്കാനുള്ള തടസ്സം നീക്കിയാൽ പുതിയ കോഴ്സിലേക്ക് വഴിതുറക്കാം. ''ഭാഷാവൈവിധ്യ പഠനകേന്ദ്രം കാസർകോട്ട് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അനുബന്ധമായി വിദേശഭാഷ ഹ്രസ്വകാല കോഴ്സ് നല്ലതാണ്. എന്നാൽ, അത് സർവകലാശാല ഔദ്യോഗിക തലത്തിൽ തീരുമാനിച്ചിട്ടില്ല''-സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ പറഞ്ഞു.
ചാലയിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതരുമായി സംസാരിച്ചതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. വിദേശഭാഷ കോഴ്സ് ആരംഭിക്കുകയാണെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് എന്തുസഹായവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.