എൻജിനീയറിങ് പ്രവേശനം; മുൻഗണനകളിൽ മാറ്റം
text_fieldsഈ വര്‍ഷത്തെ കേരള എൻജിനീയറിങ് - ഫാര്‍മസി അലോട്ട്മെന്റ് നടപടികളുടെ ആദ്യഘട്ടം കഴിഞ്ഞു. കിട്ടിയ കോളജിലും കോഴ്സിലും ചേരാനുള്ള സന്നദ്ധതയും തുടര്‍ന്നുള്ള നടപടിക്രമങ്ങളിൽ പങ്കെടുക്കാനുള്ള താല്‍പര്യവും പ്രകടിപ്പിക്കുക എന്ന അർഥത്തില്‍ ടോക്കണ്‍ ഫീസ് അടക്കുകയും ചെയ്തു.
ഫീസ് അടക്കാത്തവര്‍ക്ക് ഇപ്പോള്‍ ലഭിച്ച സീറ്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുമില്ല. ഇത്തരക്കാര്‍ക്ക് മോപ് അപ് അലോട്ട്മെന്റ് വഴി പിന്നീട് ഓപ്ഷന്‍ സമര്‍പ്പിച്ച് പ്രവേശനം നേടാവുന്നതാണ്. ഇതിനകം അലോട്ട്മെന്റ് കിട്ടിയവര്‍ ഇപ്പോള്‍ കോളജില്‍ ജോയിന്‍ ചെയ്യേണ്ടതില്ല. അടുത്ത ഘട്ടം അലോട്ട്മെന്റ് കഴിഞ്ഞാല്‍ മാത്രമേ കോളജില്‍ ചേരേണ്ടതുള്ളൂ.
ഈ ഘട്ടത്തില്‍ ഓപ്ഷന്‍ സമര്‍പ്പിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുക. അടുത്ത ഘട്ടം കോളജ് കോഴ്സ് ഓപ്ഷന്‍ സമര്‍പ്പണം മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കാനും പുതിയ അലോട്ട്മെന്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ ഓപ്ഷന്‍ രജിസ്ട്രേഷനായി പോര്‍ട്ടലില്‍ പ്രസ്തുത സൗകര്യം ഓപണ്‍ ആകുമ്പോള്‍ നിലവിലുള്ള അവരുടെ ഓപ്ഷനുകള്‍ കണ്‍ഫേം ചെയ്യണം.
നിലവില്‍ ആദ്യ അലോട്ട്മെന്റിൽ നല്‍കിയ കോളജ് കോഴ്സ് മുന്‍ഗണന ലിസ്റ്റ് തന്നെയാണ് രണ്ടാം ഘട്ടത്തിലും ഹയര്‍ ഓപ്ഷനായി പരിഗണിക്കുന്നത്. ഉദാഹരണത്തിന് മൊത്തം 20 ഓപ്ഷന്‍ ആണ് കൊടുത്തത് എന്ന് കരുതുക. അതില്‍ പതിനഞ്ചാമത്തെ ഓപ്ഷനാണ് ഒന്നാം ഘട്ട അലോട്ട്മെന്റിൽ കിട്ടിയത് എങ്കില്‍ ഒന്നുമുതല്‍ 14 വരെയുള്ള ഓപ്ഷനുകളാണ് ഹയര്‍ ഓപ്ഷന്‍ ആയി പരിഗണിക്കുന്നത്. ഈ മുന്‍ഗണനാ ക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാറ്റങ്ങള്‍ വരുത്തുകയോ, പുനഃക്രമീകരിക്കുകയോ ആവാം. പുതിയ കോളജോ കോഴ്സോ വന്നിട്ടുണ്ടെങ്കില്‍ അത് കൂട്ടിച്ചേര്‍ക്കുകയും ആവാം.
എന്നാല്‍, ഒന്നാം ഘട്ട അലോട്ട്മെന്റ് നല്‍കുമ്പോള്‍ ഉണ്ടായിരുന്നതും, അപ്പോള്‍ ചേര്‍ക്കാതിരുന്നതുമായ കോളജും കോഴ്സും പിന്നീട് കൂട്ടിച്ചേര്‍ക്കാനാവില്ല. ഈ വര്‍ഷം മൊത്തത്തില്‍ എൻജിനീയറിങ് കോഴ്സുകളുടെ തിരഞ്ഞെടുപ്പിലെ പ്രവണതകളില്‍ കാര്യമായ ചില മാറ്റങ്ങള്‍ കാണാം. ഐ.ടി മേഖലയിലെ പ്രകടനത്തിലും തൊഴില്‍ സാധ്യതകളിലും നിയമനങ്ങളിലും ആഗോളതലത്തിലും ദേശീയതലത്തിലും ഉണ്ടായ ചില അസ്ഥിരതകള്‍ കോഴ്സ് തെരഞ്ഞെടുപ്പിനെയും ബാധിച്ചിട്ടുണ്ട് എന്നുവേണമെങ്കില്‍ പറയാം.
കോഴ്സ് തെരഞ്ഞെടുപ്പില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സിന് നല്‍കിവന്നിരുന്ന മുന്‍ഗണനയില്‍ അല്‍പം ഇടിവ് വന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന കോളജുകളില്‍ ഒന്നാണ് കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം അഥവാ സി.ഇ.ടി. കഴിഞ്ഞ വര്‍ഷം ആദ്യ അലോട്ട്മെന്റിൽ സ്റ്റേറ്റ് മെറിറ്റില്‍ 271 ആയിരുന്നു അവസാന റാങ്ക് എങ്കില്‍ ഈ വര്‍ഷം അത് 342 ആയിട്ടുണ്ട്. ടി.കെ.എം എൻജിനീയറിങ് കോളജില്‍ ഇത് യഥാക്രമം 1111 ഉം 1196 ഉം ആയി മാറിയിട്ടുണ്ട്. (ചാർട്ട് കാണുക)
അതൊരു വലിയ മാറ്റം എന്ന് പറയാനാവില്ലെങ്കിലും കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിനോടുള്ള അന്ധമായ ആഭിമുഖ്യം കുറഞ്ഞതായി കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ആദ്യ അലോട്ട്മെന്റില്‍ കമ്പ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്തവരുടെ അവസാന റാങ്ക് 2339 ആയിരുന്നത് ഈ വര്‍ഷം 2504 ആയിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 49,489 ആയിരുന്നത് ഈ വർഷം 52,319 ആണ്.
എന്നാല്‍, സ്വാശ്രയ മേഖലയില്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്ന കോളജുകളില്‍ ഈ മാറ്റം പ്രകടമല്ല. ഈ താരതമ്യം കൂടുതല്‍ അർഥപൂര്‍ണമാകണമെങ്കില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്സിലെ തിരഞ്ഞെടുപ്പ് പ്രവണത കൂടി വിലയിരുത്തണം.
സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ ആദ്യ അലോട്ട്മെന്റില്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ തിരഞ്ഞെടുത്ത അവസാന വിദ്യാര്‍ഥിയുടെ റാങ്ക് സ്റ്റേറ്റ് മെറിറ്റില്‍ 5463 ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 4452 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇലക്ട്രോണിക്സിനോട് ആഭിമുഖ്യം ഈ വര്‍ഷം കൂടി എന്നർഥം.
പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്വാശ്രയ കോളജുകളിലും ഈ മാറ്റം പ്രകടമാണ്. ഉദാഹരണത്തിന് കാസർകോട് എല്‍.ബി.എസ് കോളജില്‍ കഴിഞ്ഞ വര്‍ഷം ആദ്യ അലോട്ട്മെന്റില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന് സ്റ്റേറ്റ് മെറിറ്റില്‍ അവസാന റാങ്കുകാരന്‍ 25,044 ആയിരുന്നത് ഈ വര്‍ഷം 18,145 ആയി മാറി, ഏഴായിരം റാങ്കുകളുടെ വ്യത്യാസം കാണിക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പ് മുന്‍ഗണന വെച്ച് നോക്കുമ്പോള്‍ മെക്കാനിക്കല്‍ എൻജിനീയറിങ്ങിന്റെ അവസ്ഥ കഴിഞ്ഞ വര്‍ഷം ശോചനീയമായിരുന്നു. ഏറ്റവും നല്ല കോളെജുകളായി പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ പോലും താരതമ്യേന കുറഞ്ഞ റാങ്കുള്ള വിദ്യാര്‍ഥികളാണ് മെക്കാനിക്കല്‍ എൻജിനീയറിങ് തിരഞ്ഞെടുത്തിരുന്നത്. പക്ഷേ, ഈ വര്‍ഷം ആ പ്രവണതയില്‍ പ്രകടമായ വ്യത്യാസമുണ്ട്. ടി.കെ.എം കോളജില്‍ സ്റ്റേറ്റ് മെറിറ്റില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് കോഴ്സിലെ അവസാന റാങ്ക് കഴിഞ്ഞ വര്‍ഷം 9,985 ആയിരുന്നു. ഈ വര്‍ഷം അത് 7,177 ആയി മാറി. എന്‍.എസ്.എസ് കോളജില്‍ അത് യഥാക്രമം 13,955 ഉം 11,033 ഉം ആണ്. സ്റ്റേറ്റ് മെറിറ്റില്‍ കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും മെക്കാനിക്കല്‍ എൻജിനീയറിങ് കോഴ്സിലെ അവസാന റാങ്ക് ക്രമവും ഇത് തന്നെയാണ്.
സര്‍ക്കാര്‍ സ്വാശ്രയ മേഖലയിലെ വളരെ പ്രധാനപ്പെട്ട കോളജുകളിലും മെക്കാനിക്കല്‍ എൻജിനീയറിങ്ങിനോട് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ താൽപര്യം കൂടിയിട്ടുണ്ട് ഈ വർഷം. ഈ വര്‍ഷം പ്രധാനപ്പെട്ട ഒട്ടു മിക്ക കോളജുകളിലും മെക്കാനിക്കല്‍ എൻജിനീയറിങ്ങുകാർക്ക് കോര്‍ കമ്പനി പ്ലേസ്മെന്റ് കൂടുതല്‍ ആയിരുന്നു എന്നതാകാം ഇൗ മാറ്റത്തിന് കാരണം. അതോടൊപ്പം ആഗോളരംഗത്തെ തൊഴില്‍ കരിയര്‍ പ്രവണതകളില്‍ ഉണ്ടായ മാറ്റങ്ങളും സ്വാധീനങ്ങളും കോഴ്സ് തിരഞ്ഞെടുപ്പിലെ ചിന്തകളെ ബാധിച്ചിട്ടുണ്ടാകാം.
പക്ഷേ, ഇത്തരം പ്രവണതകള്‍ ആയിരിക്കരുത് കോഴ്സ് തിരഞ്ഞെടുക്കുന്നതിനുള്ള യഥാർഥ പ്രചോദനവും കാരണവും. ആത്യന്തികമായി നമ്മുടെ പാഷന്‍, കരിയര്‍ താൽപര്യം, അഭിരുചി എന്നിവയും സാങ്കേതിക രംഗത്തെ വരാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ആയിരിക്കണം കോഴ്സ് തിരഞ്ഞെടുപ്പിലെ ശരിയായ അടിസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.