കീം പരീക്ഷ ഓൺലൈനിൽ; ടെൻഡറുമായി സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ (കീം) അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈനായി നടത്താൻ ഏജൻസികളിൽനിന്ന് മത്സരാധിഷ്ഠിത ടെൻഡർ വിളിക്കും. ഗുണനിലവാരവും ചെലവും അധിഷ്ഠിതമായിട്ടാകണം ഏജൻസികളെ തെരഞ്ഞെടുക്കേണ്ടതെന്ന് പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് ശിപാർശ ചെയ്തിട്ടുണ്ട്. നേരത്തെ ഇതിനായി പ്രവേശന പരീക്ഷ കമീഷണർ താൽപര്യപത്രം ക്ഷണിച്ചിരുന്നു. സി.ഡിറ്റ് ഉൾപ്പെടെ ഏഴ് ഏജൻസികൾ താൽപര്യമറിയിച്ചിരുന്നു. ടാറ്റ കൺസൾട്ടൻസി സർവിസസ്, എജുസെറ്റ് സൊലൂഷൻസ്, സിഫി ഡിജിറ്റൽ സർവിസസ്, എജുക്വിറ്റി കരിയർ ടെക്നോളജീസ്, ഇന്നൊവേറ്റീവ്യൂ, മെറിട്രാക് എന്നിവയാണ് മറ്റ് ഏജൻസികൾ. ഇതിൽ ഇന്നൊവേറ്റീവ്യൂ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി) സേവന ദാതാക്കളല്ലെന്നും മറ്റുള്ള ആറ് ഏജൻസികളും പ്രാവീണ്യമുള്ളവയാണെന്നും പ്രവേശന പരീക്ഷ കമീഷണറുടെ ശിപാർശയിൽ പറയുന്നു. സ്വകാര്യ ഏജൻസികളുടെ സഹായം പരീക്ഷയുടെ സ്വകാര്യതയെ ബാധിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.
പരീക്ഷ നടത്തിപ്പിന് ഏജൻസികളുടെ സാങ്കേതികസഹായം തേടുമെങ്കിലും ചോദ്യബാങ്ക്/ചോദ്യ സെറ്റുകൾ തയാറാക്കുന്നത് പ്രവേശന പരീക്ഷ കമീഷണറുടെ മേൽനോട്ടത്തിലാകും. സുരക്ഷിത പ്ലാറ്റ്ഫോമിൽ ചോദ്യങ്ങൾ സൂക്ഷിക്കുന്നതിനും ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നതിനും സംഭരിക്കുന്നതിനുമുള്ള സോഫ്റ്റ്വെയർ മൊഡ്യൂളുകൾ നൽകുന്നതൊഴിച്ചാൽ സേവനദാതാവിന് ഇതിൽ പങ്കാളിത്തം ഉണ്ടാകില്ല. ഒന്നിലധികം ബാച്ചുകളും ഷിഫ്റ്റുകളുമായുള്ള പരീക്ഷരീതി ആയതിനാൽ ഒന്നിലേറെ ചോദ്യ സെറ്റുകൾ ഉപയോഗിക്കേണ്ടിവരും. ജനുവരിയിലും മേയിലുമായി പരീക്ഷ എഴുതാം. ഇതിൽ ഉയർന്ന സ്കോർ റാങ്കിന് പരിഗണിക്കണം. ഒന്നിലേറെ സെഷനുകൾ നടത്തുന്നത് സ്കോർ കുറവ് കാരണം വിദ്യാർഥിക്ക് ഒരുവർഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാം. എന്തെങ്കിലും കാരണത്താൽ ആദ്യത്തെ സെഷൻ എഴുതാൻ കഴിയാത്തവർക്ക് ഒരുവർഷം കാത്തിരിക്കുന്നതും ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.