വിദ്യാഭ്യാസ രംഗത്ത് കൈകോർക്കാനൊരുങ്ങി കേരളവും ഫിൻലൻഡും
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളവുമായി സഹകരിക്കാൻ ഫിൻലൻഡ്. ഗവേഷണ സ്ഥാപനങ്ങൾ തമ്മിലും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളിലും കൊച്ചുകുഞ്ഞുങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിലും ശാസ്ത്ര-ഗണിത പഠനത്തിലും വിവിധ തലങ്ങളിലെ പഠനത്തിന്റെ മൂല്യനിർണയത്തിലുമായിരിക്കും തുടക്കത്തിലെ സഹകരണം.
കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഫിൻലൻഡിലെ വിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് സെക്രട്ടറി ഡാൻ കോയ് വുലാസോയുടെ നേതൃത്വത്തിൽ ഫിന്നിഷ് സംഘവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫിൻലൻഡിലെ വിദ്യാഭ്യാസ മന്ത്രി ലി ആൻഡേഴ്സന്റെ ക്ഷണമനുസരിച്ചാണ് കേരള സംഘം ഫിൻലൻഡിലെത്തി ചർച്ച നടത്തിയത്.ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടർചർച്ചകൾ നടത്തും. ഇതിനായി സമയബന്ധിത രൂപരേഖ തയാറാക്കും. കേരളത്തിന്റെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള ആലോചനകളെക്കുറിച്ച് കേരളസംഘം വിശദീകരിച്ചു.
ഫിൻലൻഡ് മോഡൽ വിദ്യാഭ്യാസത്തിന്റെ മികച്ച വശങ്ങൾ സ്വീകരിക്കാനുള്ള താൽപര്യവും അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിൽ മുഖ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ കാണുന്നതായി ഡാൻ കോയ് വുലാസോ പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറുമായി ചർച്ച നടത്താൻ ഡൽഹിയിൽ ഫിന്നിഷ് വിദ്യാഭ്യാസ വിദഗ്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തിൽ സംസ്ഥാനത്തെ എസ്.സി.ഇ.ആർ.ടി, സീമാറ്റ്, എസ്.ഐ.ഇ.ടി എന്നിവർ പങ്കാളികളാകും. ഫിൻലൻഡിലെ വാസ് കൈല സർവകലാശാല ഏകോപിപ്പിക്കുന്ന ഗ്ലോബൽ ഇന്നൊവേഷൻ നെറ്റ് വർക് ഓഫ് ടീച്ചിങ് ആൻഡ് ലേണിങ് (ജി.കെ.എൻ.ടി.എൽ) ആണ് ഫിൻലൻഡിലെ നോഡൽ ഏജൻസി. വളരെ കുട്ടിക്കാലത്തുതന്നെ കുഞ്ഞുങ്ങളിൽ പഠനത്തിന്റെ അടിസ്ഥാനം ഉറപ്പിക്കുന്നത് സംബന്ധിച്ചും കേരളം ഫിൻലൻഡ് മാതൃക സ്വീകരിക്കും. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച സ്റ്റുഡന്റ് ഐ.ടി ക്ലബ് മാതൃക ഫിൻലൻഡിൽ നടപ്പാക്കാനുള്ള പിന്തുണ കേരളം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.