നീറ്റിൽ വീണ്ടും പിറകോട്ടടിച്ച് കേരളം; മെഡിക്കൽ പ്രവേശനത്തിൽ പ്രതിഫലിക്കും
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജിയിൽ ഇത്തവണയും പിറകോട്ടടിച്ച് കേരളം. പരീക്ഷയിൽ യോഗ്യത നേടിയവരുടെ എണ്ണത്തിൽ വർധന ഉണ്ടായെങ്കിലും മുൻനിര റാങ്കിൽ വന്ന കുട്ടികളുടെ എണ്ണത്തിലാണ് കുറവുവന്നത്.
സമീപകാലത്ത് നീറ്റിൽ കേരളത്തിലെ വിദ്യാർഥികൾ മികച്ച പ്രകടനം നടത്തിയത് 2020ലെ പരീക്ഷയിലായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ അധ്യയനം തടസ്സപ്പെട്ട 2021ലെ നീറ്റിൽ കേരളത്തിലെ വിദ്യാർഥികൾ പിറകോട്ടുപോയി.
അതിനെക്കാളും പിറകിലുള്ള പ്രകടനമാണ് ഇത്തവണ. കഴിഞ്ഞ ദിവസം പ്രവേശന പരീക്ഷ കമീഷണർ നീറ്റ് റാങ്ക് അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാന റാങ്ക് പട്ടിക (പ്രൊവിഷനൽ) പ്രസിദ്ധീകരിച്ചപ്പോഴാണ് ഇത് വ്യക്തമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4630 പേർ ഇത്തവണ കേരളത്തിൽനിന്ന് അധികമായി നീറ്റ് യോഗ്യത നേടിയിട്ടും മുൻനിര റാങ്കിൽ കേരളം പിറകോട്ടടിക്കുകയായിരുന്നു.
റാങ്ക് പട്ടികയുടെ മുൻനിരയിലെത്തുന്നവർക്കാണ് അഖിലേന്ത്യ ക്വോട്ടയിലും സംസ്ഥാന ക്വോട്ടയിലും മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ പ്രവേശന സാധ്യതയുള്ളത്. നീറ്റ് റാങ്ക് പട്ടികയിലെ ആദ്യ നൂറ് പേരിൽ കേരളത്തിൽനിന്ന് ഇത്തവണ ഇടംപിടിച്ചത് നാലുപേർ മാത്രമാണ്.
2021ൽ ഇത് ഏഴുപേരും 2020ൽ 13 പേരുമായിരുന്നു. ആദ്യ 500 റാങ്കിൽ ഇത്തവണ 25 പേർ ഉള്ളപ്പോൾ കഴിഞ്ഞ വർഷം 38ഉം 2020ൽ 71 പേരും ഇടംപിടിച്ചിരുന്നു. ആദ്യ ആയിരം റാങ്കുകാരിൽ ഇത്തവണ കേരളത്തിൽനിന്ന് 49 പേർ മാത്രം. കഴിഞ്ഞ വർഷം ഇത് 79ഉം 2020ൽ 165ഉം ആയിരുന്നു.
ആദ്യ 2000 റാങ്കിൽ ഇത്തവണ 120 പേർ ഇടംപിടിച്ചപ്പോൾ കഴിഞ്ഞ വർഷം 153 പേരും 2020ൽ 347 പേരും ഇടംനേടിയിരുന്നു. 5000 റാങ്കിൽ കേരളത്തിന്‍റെ ഇത്തവണത്തെ പ്രാതിനിധ്യം 361 പേരാണ്. കഴിഞ്ഞ വർഷം ഇത് 390ഉം 2020ൽ 810ഉം ആയിരുന്നു.
പതിനായിരം റാങ്കിൽ ഇത്തവണ 721ഉം കഴിഞ്ഞ വർഷം 777ഉം 2020ൽ 1466 പേരുമാണുള്ളത്. നീറ്റ് റാങ്ക് പട്ടികയിലെ ആദ്യ 50,000ൽ ഇത്തവണ 3701 പേരാണ് ഇടംപിടിച്ചതെങ്കിൽ കഴിഞ്ഞ വർഷം 3863ഉം 2020ൽ 5843 പേരും ഉൾപ്പെട്ടിരുന്നു.
ആദ്യ ഒരുലക്ഷം റാങ്കുകാരിൽ ഇത്തവണ കേരളത്തിൽനിന്നുള്ളത് 7162 പേർ. കഴിഞ്ഞ വർഷം 7521ഉം 2020ൽ 10,725 പേരും ഉൾപ്പെട്ടിരുന്നു. മുൻനിര റാങ്കുകളിലെ പ്രാതിനിധ്യക്കുറവ് അഖിലേന്ത്യ ക്വോട്ടയിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ പ്രവേശന സാധ്യതയെ പ്രതികൂലമായി ബാധിച്ചേക്കും.
ഇതിനനുസൃതമായ സമ്മർദം സംസ്ഥാന ക്വോട്ട പ്രവേശനത്തിലുമുണ്ടാകും. എന്നിരുന്നാലും കേരളത്തിൽ സർക്കാർ മേഖലയിൽ രണ്ട് പുതിയ മെഡിക്കൽ കോളജുകളിൽ (ഇടുക്കി, കോന്നി) 100 വീതം സീറ്റ് അനുവദിച്ചത് കഴിഞ്ഞ വർഷം പ്രവേശനം ലഭിച്ച അവസാന റാങ്കിന് സമാനമായ രീതിയിൽ പ്രവേശനം ഉറപ്പുവരുത്താൻ സഹായിച്ചേക്കും.
കേരളത്തിൽനിന്ന് അഖിലേന്ത്യ ക്വോട്ടയിൽ അലോട്ട്മെൻറ് ലഭിക്കുന്നവരിൽ, എത്രപേർ അതിൽ പ്രവേശനം നേടുന്നുവെന്നതും സംസ്ഥാന ക്വോട്ടയിലെ പ്രവേശനത്തെ സ്വാധീനിക്കും.
അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശന സാധ്യത നിലനിൽക്കുന്നവർ അത് ഉപയോഗിക്കുന്നത് കേരളത്തിൽനിന്നുള്ള കൂടുതൽ പേർക്ക് മെഡിക്കൽ പഠനത്തിന് വഴി തുറക്കും.
കേരളത്തിൽനിന്ന് നീറ്റ് പരീക്ഷ എഴുതുന്നവരിൽ ഒട്ടേറെ പേർക്ക് ശരിയായ പരിശീലനം ലഭിക്കാത്തതും കോവിഡ് സാഹചര്യത്തിൽ പാഠഭാഗങ്ങളിൽ കുറവുവരുത്തിയുള്ള ഫോക്കസ് ഏരിയ പഠനരീതിയും പിറകോട്ടടിക്ക് കാരണമായി വിലയിരുത്തുന്നു.
സ്കോർ -റാങ്ക് അന്തരത്തിലും മാറ്റം
ഇത്തവണ നീറ്റ് പരീക്ഷയിൽ ലഭിച്ച സ്കോറിലും റാങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് അന്തരമുണ്ടായി. കഴിഞ്ഞ വർഷം കേരളത്തിൽ നീറ്റ് പരീക്ഷയിൽ 680 സ്കോർ ലഭിച്ചവരുടെ അവസാന നീറ്റ് റാങ്ക് 971ഉം കേരള റാങ്ക് 77ഉം ആയിരുന്നു. ഇത്തവണ 680 സ്കോർ ലഭിച്ചവരുടെ നീറ്റ് റാങ്ക് 912ഉം കേരള റാങ്ക് 45ഉം ആണ്.
650 സ്കോർ ലഭിച്ചവർക്ക് കഴിഞ്ഞ വർഷം നീറ്റിൽ 4163 ഉം സ്റ്റേറ്റിൽ 329ഉം ആയിരുന്നു അവസാന റാങ്ക്. 625 സ്കോർ നേടിയവർ കഴിഞ്ഞ വർഷം നീറ്റിൽ 9885 റാങ്കിലും സ്റ്റേറ്റിൽ 765 റാങ്കിലും എത്തിയിരുന്നു.
ഇത്തവണയത് നീറ്റിൽ 11237ഉം 806 ആയും ഉയർന്നു. 600 സ്കോർ നേടിയവർ കഴിഞ്ഞ വർഷം നീറ്റിൽ 19129ലും സ്റ്റേറ്റിൽ 1441 റാങ്കിലും ഇടംപിടിച്ചു. ഇത്തവണയത് 21126ഉം 1525ഉം ആയി ഉയർന്നു. 550 സ്കോർ ലഭിച്ചവർക്ക് നീറ്റിൽ 46738 ആണ് അവസാന റാങ്ക്.
സ്റ്റേറ്റിൽ ഇത് 3586ഉം ആയിരുന്നു. ഇത്തവണയത് യഥാക്രമം 49094ഉം 3652ഉം ആയി ഉയർന്നു. കഴിഞ്ഞ വർഷം 500 സ്കോർ ലഭിച്ചവരുടെ അവസാന നീറ്റ് റാങ്ക് 85013 ഉം സ്റ്റേറ്റ് റാങ്ക് 6443ഉം വരെ ആയിരുന്നു. ഇത്തവണയത് യഥാക്രമം 84221ഉം 6150 ആയി. ഉയർന്ന സ്കോർ നേടുന്നവരുടെ എണ്ണവും ഒരേ സ്കോർ നേടുന്നവരുടെ എണ്ണവും വർധിച്ചതാണ് ഈ അന്തരത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.