എയ്ഡഡ് സ്കൂളുകളിൽ 2942 അധിക തസ്തിക; നിയമന സാധ്യത പൂജ്യം
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ 2942 അധിക തസ്തിക സൃഷ്ടിക്കാൻ അനുമതി നൽകിയെങ്കിലും ഒരു പുതിയ അധ്യാപക നിയമനത്തിനു പോലും സാധ്യതയില്ല. നിലവിൽ എയ്ഡഡ് സ്കൂളുകളിൽ അധികമുള്ള 2996 അധ്യാപകരെ അധിക തസ്തികകളിലേക്ക് പുനർവിന്യസിക്കുന്നതോടെ ഒരാൾക്കുപോലും നിയമനം നൽകാനാകില്ല.
എന്നാൽ, സർക്കാർ സ്കൂളുകളിൽ അധികമുള്ള 1638 അധ്യാപകരെ പുനർവിന്യസിച്ചാലും 1463 തസ്തികകളിലേക്ക് പുതുതായി നിയമനം നൽകാനുമാകും.
2019 ജനുവരി 28ന് സർക്കാർ കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് എയ്ഡഡ് സ്കൂൾ നിയമനങ്ങളുടെ നിയന്ത്രണം സർക്കാറിന്റെ പക്കലായത്. ഭേദഗതിയിലൂടെ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചുണ്ടാകുന്ന അധിക തസ്തികകളിൽ 1:1 അനുപാതത്തിലാക്കി. എയ്ഡഡ് സ്കൂളുകളിൽ രണ്ട് അധിക തസ്തിക സൃഷ്ടിക്കപ്പെടുമ്പോൾ അതിൽ ആദ്യത്തേത് സർക്കാറിന് അവകാശപ്പെട്ടതായി മാറി.
ഈ തസ്തികയിലേക്ക്, തസ്തിക നഷ്ടപ്പെട്ട് അധ്യാപക ബാങ്കിൽ ഉൾപ്പെട്ട എയ്ഡഡ് അധ്യാപകരെ സർക്കാർ പുനർവിന്യസിക്കും. രണ്ടാമതായി വരുന്ന തസ്തികയിലേക്ക് മാത്രമേ മാനേജ്മെന്റിന് നിയമനാധികാരമുള്ളൂ.
പുതിയ തസ്തിക സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയിൽ മാനേജ്മെന്റുകൾ നിയമന വാഗ്ദാനം നൽകി താൽക്കാലിക അധ്യാപകരായി നിയമിച്ചവർക്ക് ഇതോടെ നിയമന സാധ്യതയില്ലാതായി. പകരം നിലവിൽ എയ്ഡഡ് മേഖലയിൽ അധികമുള്ള 2996 അധ്യാപകരെ കെ.ഇ.ആർ വ്യവസ്ഥ പ്രകാരം വിദ്യാഭ്യാസ വകുപ്പ് പുനർവിന്യസിക്കും. 2019ൽ കൊണ്ടുവന്ന കെ.ഇ.ആർ ഭേദഗതിക്കെതിരെ മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചതോടെ ഇടക്കാല സ്റ്റേ ഉണ്ടായിരുന്നു. നിയമക്കുരുക്കഴിച്ച ശേഷം ഇത് നടപ്പാക്കിയതോടെയാണ് അധിക തസ്തികകളിൽ ആദ്യത്തേത് സർക്കാറിന് ലഭിച്ചത്.
ചില എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവിലൂടെ അധ്യാപക തസ്തിക നഷ്ടപ്പെടുമ്പോൾ ഇവരിൽ സംരക്ഷണമുള്ളവർ അധ്യാപക ബാങ്കിന്റെ ഭാഗമായി മാറും. ഇവരെയാണ് എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കുമ്പോൾ സർക്കാറിനുള്ള തസ്തികയിലേക്ക് പുനർവിന്യസിക്കുന്നത്. ചില ജില്ലകളിൽ അധ്യാപകർ അധികമാവുകയും അധിക തസ്തിക ഇല്ലാതാവുകയും ചെയ്യുമ്പോൾ ഇത്തരം അധ്യാപകരെ മറ്റ് ജില്ലകളിലെ സ്കൂളുകളിൽ സൃഷ്ടിക്കപ്പെടുന്ന അധിക തസ്തികകളിലേക്ക് പുനർവിന്യസിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.