കീമിൽ മലപ്പുറം കേമം; എൻജിനീയറിങ് ആദ്യ പത്തിൽ രണ്ടുപേർ, കെ. സഹൽ ജില്ലയിൽ ഒന്നാമൻ, സംസ്ഥാനത്ത് നാലാമൻ
text_fieldsമലപ്പുറം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സ് (കീം) പ്രവേശന പരീക്ഷയിൽ നേട്ടം കൊയ്ത് ജില്ല. 4,604 പേരാണ് ജില്ലയിൽനിന്ന് എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്.
ഇക്കാര്യത്തിൽ അഞ്ചാമതാണ് മലപ്പുറം. ആദ്യ 1000 റാങ്കിൽ ജില്ലയിൽനിന്ന് 115 പേരുണ്ട്. ഈ കണക്കെടുത്താൽ എറണാകുളത്തിനും തിരുവനന്തപുരത്തിനും മാത്രം പിന്നിൽ. എൻജിനീയറിങ് ആദ്യ പത്ത് റാങ്കുകാരിൽ ജില്ലയിൽനിന്ന് രണ്ടുപേരുണ്ട്.
571.1420 മാർക്ക് സ്കോർ ചെയ്ത മങ്കട കടന്നമണ്ണ സ്വദേശി കെ. സഹലാണ് ഒന്നാമൻ. സംസ്ഥാനതലത്തിൽ സഹലിന് നാലാം റാങ്കുണ്ട്. ഒതുക്കുങ്ങൽ മറ്റത്തൂരിലെ യു.കെ. അംജദ് ഖാൻ (സ്കോർ: 570.8339) ജില്ലയിൽ രണ്ടാമനും സംസ്ഥാനത്ത് ആറാം റാങ്കുകാരനുമായി. പട്ടികജാതി വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി ഒ. അക്ഷയ് നാരായൺ (സ്കോർ: 525.0389) സംസ്ഥാനതലത്തിൽ രണ്ടാമനാണ്. ഫാർമസിയിലും ആർക്കിടെക്ചറിലും ആദ്യ റാങ്കുകളിൽ ജില്ലയിൽനിന്ന് ആരുമില്ല.
ഐ.ഐ.ടി സ്വപ്നത്തിലേക്ക് സഹലിന് നാലാം റാങ്ക് മധുരം
മങ്കട: എൻജിനീയറിങ് പ്രവേശന പരീക്ഷയില്‍ ജില്ലയുടെ അഭിമാനമായി നാലാം റാങ്കുകാരൻ കടന്നമണ്ണ കറുമൂക്കില്‍ സഹല്‍. ജില്ലയിലെ ഒന്നാമനും സഹലാണ്. കഴിഞ്ഞ വര്‍ഷം ആദ്യമായി പ്രവേശന പരീക്ഷ എഴുതിയപ്പോൾ റാങ്ക് 1200 ആയിരുന്നു. ഇത്തവണ നാലിലെത്തി. ആദ്യ 25ല്‍ ഇടം പ്രതീക്ഷിച്ചിരുന്നതായി സഹല്‍ പറയുന്നു. എന്നാല്‍, പ്രതീക്ഷക്കപ്പുറമായി ഫലം. ഇതിെൻറ സന്തോഷത്തിലാണ് കുടുംബവും.
ആറാം ക്ലാസ് മുതല്‍ ശാസ്ത്ര മേളകളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന സഹൽ ജില്ലതലം വരെ എത്തിയിട്ടുണ്ട്. കടന്നമണ്ണ എ.യു.പി സ്കൂളിലെ പഠനത്തിനു ശേഷം മങ്കട ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലാണ് എസ്.എസ്.എല്‍.സിയും പ്ലസ് ടുവും പഠിച്ചത്. പ്ലസ് ടുവിന് ശേഷം പാലായിലെ സ്ഥാപനത്തില്‍ പരിശീലനത്തിന് ചേര്‍ന്നു. ഐ.ഐ.ടിയില്‍ ചേര്‍ന്ന് പഠിക്കാനാണ് ആഗ്രഹം. കടന്നമണ്ണ എ.യു.പി സ്കൂള്‍ അധ്യാപകരായ അനീസുദ്ദീന്‍-സജ്ന ദമ്പതികളുടെ മൂത്ത മകനാണ്. രണ്ടു സഹോദരിമാരുണ്ട്.
അഭിമാനമാണ് അക്ഷയ്
പരപ്പനങ്ങാടി: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ പരപ്പനങ്ങാടി സ്വദേശി അക്ഷയ് നാരായണിന് തിളക്കമാർന്ന വിജയം. പട്ടികജാതി വിഭാഗത്തില്‍ സംസ്ഥാനതലത്തിൽ രണ്ടാം റാങ്കാണ് ഈ മിടുക്കൻ നേടിയത്. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് ഒറുവുങ്ങില് ബാബുരാജെൻറയും ശാന്തിയുടെയും മകനാണ്. കോഴിക്കോട് കെ.എസ്.ഇ.ബിയില്‍ െഡപ്യൂട്ടി ചീഫ് എൻജിനീയര്‍മാരായ ഇരുവരും കോഴിക്കോട്ടാണ് ജോലി ചെയ്യുന്നത്. അക്ഷയിെൻറ പഠനം പത്താം ക്ലാസ് വരെ കോഴിക്കോട്ടായിരുന്നു.
പാലായിലാണ് പ്ലസ് ടുവും എൻട്രൻസ് പരിശീലനവും പൂര്‍ത്തിയാക്കിയത്. പൊതു പട്ടികയില്‍ അക്ഷയിെൻറ റാങ്ക് 249 ആണ്. ഐ.ഐ.ടി പ്രിലിമിനറി പരീക്ഷയിൽ 99.4 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. ഏക സഹോദരൻ ആദിത്യ നാരായണൻ കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയാണ്.
അധ്യാപക തറവാട്ടിലേക്ക് എൻജിനീയറാവാൻ അംജദ് ഖാൻ
കോട്ടക്കൽ: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒതുക്കുങ്ങലിൽ ആറാം റാങ്കിെൻറ പൊൻതിളക്കം. ഒതുക്കുങ്ങൽ കൈപ്പറ്റ ഉമ്മിണിക്കടവത്ത് വീട്ടിൽ അംജദ് ഖാനാണ് അഭിമാനമായത്. പാലായിലെ സ്ഥാപനത്തിന് കീഴിലായിരുന്നു പരിശീലനം. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിൽ ആയിരുന്നു എസ്.എസ്.എൽ.സിയും പ്ലസ് ടുവും.
രണ്ടിലും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയായിരുന്നു വിജയത്തുടക്കം. കൈപറ്റ എ.എം.എൽ.പി സ്കൂൾ മാനേജറായ അബ്ദുൽ കരീമിെൻറയും കദിയാമുവിെൻറയും മകനാണ്. കുടുംബാംഗങ്ങളിലും ബന്ധുക്കളിലും ഭൂരിഭാഗവും അധ്യാപകർ. സഹോദരിമാരായ നസ്ല പെരുവള്ളൂർ ജി.എച്ച്.എസ്.എസിലും നജീബ മലപ്പുറം പ്രിയദർശിനി കോളജിലും പഠിപ്പിക്കുന്നു. ഏക സഹോദരൻ അജ്മൽ ഖാനും ബി.എഡ് പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.