വെട്ടിക്കുറച്ച പാഠഭാഗങ്ങൾ ഒഴിവാക്കാതെ കേരള എൻജിനീയറിങ് എൻട്രൻസ്
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി സിലബസിൽനിന്ന് വെട്ടിക്കുറച്ച പാഠഭാഗങ്ങൾ ഒഴിവാക്കാതെ കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള (കീം) ചോദ്യപേപ്പർ തയാറാക്കുന്നു. ഹയർസെക്കൻഡറി അധ്യയനത്തിന്റെ ബലത്തിൽ മാത്രം പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് തീരുമാനം തിരിച്ചടിയാകും. മേയ് 17നാണ് എൻജിനീയറിങ് എൻട്രൻസ്.
എന്നാൽ, വെട്ടിക്കുറച്ച പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് ചോയ്സ് ഇളവ് അനുവദിച്ചാണ് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷ ചോദ്യം തയാറാക്കുകയെന്ന് നടത്തിപ്പ് ഏജൻസിയായ എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. എൻജിനീയറിങ് എൻട്രൻസിന്റെ സിലബസിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഫെബ്രുവരിയിൽ ചേർന്ന പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗത്തിൽ തീരുമാനമെടുത്തത്. അതേസമയം, പഠനഭാരം കുറക്കാൻ ലക്ഷ്യമിട്ട് പാഠഭാഗങ്ങളിൽ എൻ.സി.ഇ.ആർ.ടി വരുത്തിയ കുറവ് സയൻസ്, മാത്സ് വിഷയങ്ങളിലേത് സംസ്ഥാനത്തും അംഗീകരിച്ചിട്ടുണ്ട്. ഈ പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യം ഒഴിവാക്കിയാണ് ഹയർസെക്കൻഡറി പരീക്ഷ ചോദ്യങ്ങൾ തയാറാക്കിയത്. ഡിസംബറിൽതന്നെ ഇതുസംബന്ധിച്ച് എസ്.സി.ഇ.ആർ.ടി വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനുശേഷം ഒഴിവാക്കിയ പാഠഭാഗങ്ങൾ മിക്ക സ്കൂളുകളിലും പഠിപ്പിച്ചിട്ടില്ല.
ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിലാണ് എൻജിനീയറിങ് എൻട്രൻസ്. ഈ വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി സമാന സിലബസ് തന്നെയാണ് എൻട്രൻസിനും ഉപയോഗിക്കുന്നത്.
സ്കൂളിലെ അധ്യയനം മാത്രം ആശ്രയിച്ച് പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്ന് ചോദ്യം വരുന്നത് തിരിച്ചടിയാകും. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി അപേക്ഷ സമർപ്പണത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് ചോയ്സ് ഏർപ്പെടുത്തിയാണ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എ ഈ വർഷം പോംവഴി കണ്ടെത്തിയത്.
നീറ്റിൽ ചോദ്യങ്ങൾ വരുന്ന ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾക്ക് എ, ബി പാർട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബി പാർട്ടിൽ വരുന്ന 15 ചോദ്യങ്ങളിൽ പത്തെണ്ണത്തിന് മാത്രമാണ് ഉത്തരമെഴുതേണ്ടത്. ഒഴിവാക്കിയ പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ബി പാർട്ടിൽ ചോയ്സ് ചോദ്യങ്ങളാക്കിയാണ് എൻ.ടി.എ പരീക്ഷ സ്കീമിൽ മാറ്റം വരുത്തിയത്. എന്നാൽ, എൻജിനീയറിങ് എൻട്രൻസ് നടത്തുന്ന പ്രവേശന പരീക്ഷ കമീഷണറേറ്റ് പാഠഭാഗങ്ങളിലെ വെട്ടിക്കുറക്കൽ പരിഗണിക്കാതെ പഴയ സിലബസ് അംഗീകരിച്ച് നടപടികൾ ആരംഭിക്കുകയായിരുന്നു. വെട്ടിക്കുറച്ചത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽനിന്ന് പ്രവേശന പരീക്ഷ കമീഷണർക്ക് അറിയിപ്പൊന്നും നൽകിയില്ലെന്ന ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.