പരീക്ഷയുമായി ആരോഗ്യ സർവകലാശാല; കോവിഡ് ഭീതിയിൽ വിദ്യാർഥികൾ
text_fieldsപയ്യന്നൂർ: കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ പരീക്ഷ നടത്താനുള്ള കേരള ആരോഗ്യ സർവകലാശാല അധികൃതരുടെ തീരുമാനത്തിൽ വൻ പ്രതിഷേധം.
ബി.എസ്സി നഴ്സിങ് വിദ്യാർഥികൾക്കുള്ള പരീക്ഷയാണ് മേയ് ആദ്യവാരം നടത്താൻ സർവകലാശാല തീരുമാനിച്ചത്. കോവിഡ് ഭീതി നിലനിൽക്കെ പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാർഥികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കുകയാണ്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളായതിനാൽ വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റിവ് ആകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ പലർക്കും പരീക്ഷയെഴുതാൻ കഴിയില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പഠിക്കുന്ന നിരവധി വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഴ്സിങ് വിദ്യാർഥികൾ താമസിക്കുന്ന വനിത ഹോസ്റ്റലിലെ എട്ടു വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചതായി വിവരമുണ്ട്.
അതുകൊണ്ട് ഇവിടെ താമസിച്ച മറ്റുള്ളവർക്കുകൂടി കോവിഡ് പോസിറ്റിവാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ വിദ്യാർഥികൾ എങ്ങനെ പരീക്ഷയെഴുതുമെന്നാണ് രക്ഷിതാക്കളും വിദ്യാർഥികളും ചോദിക്കുന്നത്.
രണ്ട് ഡോസ് വാക്സിൻ എടുത്ത വിദ്യാർഥികൾക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇത് വിദ്യാർഥികളിൽ ഭീതിക്ക് കാരണമായിട്ടുണ്ട്. ഇതിനുപുറമെ പരീക്ഷപ്പേടികൂടി വിദ്യാർഥികളെ വേട്ടയാടുകയാണ്. ഒന്ന്, രണ്ട്, മൂന്ന് വർഷ വിദ്യാർഥികളുടെ പരീക്ഷയാണ് സർവകലാശാല പ്രഖ്യാപിച്ചത്. എന്നാൽ, ഫൈനൽ ബാച്ച് വിദ്യാർഥികളുടെ പരീക്ഷ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഒന്നു മുതൽ മൂന്നു വരെ ബാച്ചുകളിലെ പരീക്ഷകൾ മാറ്റി അവസാന വർഷ പരീക്ഷ പാസ്ഔട്ടാക്കി നടത്തണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. ഇത് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് ഇ-മെയിൽ സന്ദേശം അയച്ചുവെങ്കിലും തീരുമാനം മാറ്റാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
കോവിഡ് രണ്ടാംഘട്ട വ്യാപനം തുടങ്ങിയതോടെ പല സ്ഥാപനങ്ങളും ഹോസ്റ്റലുകളും കോളജുകളും അടച്ചിട്ടിരുന്നു. എന്നാൽ, പരീക്ഷ നടത്താനുള്ള തീരുമാനമറിയിച്ചതോടെ പല സ്ഥാപനങ്ങളും വിദ്യാർഥികളെ തിരിച്ചുവിളിക്കുകയായിരുന്നു. കഴിഞ്ഞവർഷം രോഗികളുടെ എണ്ണം കുറവായിരുന്നിട്ടുകൂടി ഹോസ്റ്റലുകളും കോളജുകളും അടച്ചിട്ടിരുന്നു.
എന്നാൽ, ഇക്കുറി വൻതോതിൽ കേസുകൾ ഉള്ളപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ ഹോസ്റ്റലുകൾ തുറന്നു പ്രവർത്തിക്കുന്നതിനെതിരെ രക്ഷിതാക്കളിലും പ്രതിഷേധം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.