യു.ജി.സിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമീഷൻ; എതിർക്കുന്ന സംസ്ഥാനങ്ങളെ കേരളം നയിക്കും
text_fieldsതിരുവനന്തപുരം: യു.ജി.സി ഇല്ലാതാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യോജിച്ച നീക്കത്തിന് കേരളം നേതൃത്വം നൽകും. ഇതിനായി സെപ്റ്റംബർ ആദ്യവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനം വിളിക്കും. ഇൗ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മേധാവികൾ തുടങ്ങിയവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. നേരത്തേ 15ാം ധനകാര്യ കമീഷെൻറ ടേംസ് ഒാഫ് റഫറൻസിനെതിരെ കേരളം മുൻകൈ എടുത്ത് ദക്ഷിേണന്ത്യൻ ധനകാര്യമന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് ചേർന്നിരുന്നു. ഇൗ മാതൃകയിൽ ഉന്നതവിദ്യാഭ്യാസ കമീഷനെതിരെ സംസ്ഥാനങ്ങളുടെ സംയുക്ത നീക്കമാണ് കേരളം ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനത്തിന് മുന്നോടിയായി ദേശീയതലത്തിൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ യോഗം തിരുവനന്തപുരത്ത് ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ വിളിച്ചിട്ടുണ്ട്. ജെ.എൻ.യു, ഡൽഹി സർവകലാശാല, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മുൻ പ്രഫസർമാർ ഉൾപ്പെടെ പെങ്കടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇൗ യോഗത്തിൽ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനത്തിൽ ചർച്ചചെയ്യേണ്ട രേഖക്ക് രൂപം നൽകും.
ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരളം രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കോർപറേറ്റ്വത്കരണം ലക്ഷ്യമിടുന്നതാണ് കേന്ദ്ര നീക്കമെന്നും കേരളം അഭിപ്രായപ്പെട്ടിരുന്നു.
യു.ജി.സി പിരിച്ചുവിട്ട് പകരം 14 അംഗ ഉന്നത വിദ്യാഭ്യാസ കമീഷനെ നിയമിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി കരട് വിജ്ഞാപനം മാനവശേഷി വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും കേന്ദ്രത്തിെൻറ കൈപ്പിടിയിലാകുന്നതരത്തിലാണ് പുതിയ കമീഷെൻറ രൂപഘടന. അഞ്ച് വര്‍ഷ കാലാവധിയില്‍ നിയമിക്കുന്ന ചെയര്‍മാനും വൈസ് ചെയര്‍മാനും പുറമെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന 12 അംഗങ്ങളും കമീഷനില്‍ ഉണ്ടാകും. മാനവശേഷി വികസനമന്ത്രി തലവനായ ഉപദേശകസമിതി രൂപവത്കരിക്കാനും കരട് വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.