കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന വിജ്ഞാപനം ഇന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനുള്ള (കീം) വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) വഴിയുള്ള ഓൺലൈൻ അപേക്ഷ സമർപ്പണവും ഇതോടൊപ്പം ആരംഭിക്കാനാണ് തീരുമാനം. പരിഷ്കരിച്ച പ്രോസ്പെക്ടസിന് അംഗീകാരം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യാഴാഴ്ച ഉത്തരവിറക്കി.
ഇതോടെയാണ് വെള്ളിയാഴ്ച തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങാനും പ്രവേശന പരീക്ഷ കമീഷണറേറ്റ് തീരുമാനിച്ചത്. അപേക്ഷ സമർപ്പണത്തിന് 25 ദിവസം വരെ (ഏപ്രിൽ രണ്ടാം വാരം) നൽകും. ഇതിനുപുറമെ, സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ അധികമായി ഒരാഴ്ച കൂടി സമയം അനുവദിക്കും. എൻജിനീയറിങ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള കേരള എൻട്രൻസ് പരീക്ഷ മേയ് 17നാണ് നടക്കുക. കേരളത്തിൽ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് -യു.ജി പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം സംസ്ഥാനത്തെ കൗൺസലിങ് നടപടികളിൽ പങ്കെടുക്കാൻ പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്യണം. കഴിഞ്ഞ വർഷത്തെ അപേക്ഷ ഫീസ് തന്നെയാണ് ഇത്തവണയും. ജനറൽ വിഭാഗത്തിന് എൻജിനീയറിങ് മാത്രം/ ബി.ഫാം മാത്രം/ രണ്ടും കൂടി 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയുമായിരിക്കും ഫീസ്.
ആർക്കിടെക്ചർ മാത്രം/ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവൻ കോഴ്സുകൾക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമായിരിക്കും ഫീസ്. എസ്.ടി വിഭാഗത്തിന് ഫീസില്ല. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.