കേരളം ഇനി നാല് വർഷ ബിരുദ കോഴ്സിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് ജൂലൈ ഒന്നിന് തുടക്കമാവും. ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ കാമ്പസുകളെല്ലാം ആഘോഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ 864 അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാല സെന്ററുകളിലുമായാണ് കോഴ്സുകൾ തുടങ്ങുന്നത്.
നാലുവർഷ കോഴ്സിന്റെയും വിജ്ഞാനോത്സവത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഉച്ചക്ക് 12ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ ബിരുദ കോഴ്സുകളെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് നാലുവർഷ ബിരുദം ആരംഭിക്കുന്നത്.
തൊഴിൽശേഷിയും സംരംഭകത്വവും വളർത്തലും ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കലും ഉൾപ്പെടെയുള്ള സമീപനത്തോടെയാണ് നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നത്. ഇതിന്റെ മുന്നോടിയായി ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയാറാക്കിയതായി മന്ത്രി അറിയിച്ചു. നാല് വർഷ കോഴ്സിന് ചേരുന്ന വിദ്യാർഥിക്ക് മൂന്ന് വർഷത്തിൽ 133 ക്രെഡിറ്റ് ആർജിച്ച് പഠനം അവസാനിപ്പിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. ഇവർക്ക് നിലവിലെ രീതിയിൽ ബിരുദം നൽകും. താൽപര്യമുള്ളവർക്ക് നാല് വർഷത്തിനിടെ 177 ക്രെഡിറ്റ് ആർജിച്ച് ഓണേഴ്സ് ബിരുദം നേടാം. ഇവർക്ക് രണ്ടാംവർഷ പി.ജി പഠനത്തിലേക്ക് ലാറ്ററൽ എൻട്രി അനുവദിക്കും. നാല് വർഷം കൊണ്ട് ഓണേഴസ് വിത്ത് റിസർച് ബിരുദം നേടുന്നവർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നേടുകയും നെറ്റ് പരീക്ഷ എഴുതുകയും ചെയ്യാം. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയിൽ ആറ് ബിരുദ കോഴ്സുകൾ നാല് വർഷ രീതിയിൽ നടത്താൻ യു.ജി.സി അനുമതി ലഭിച്ചതായും പ്രവേശനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.