സ്കൂളുകളിൽ സമ്പൂർണ അധ്യയനം തുടങ്ങി; ആദ്യദിന ഹാജർ 82.77 %
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായി സംസ്ഥാനത്തെ സ്കൂളുകളിൽ പൂർണതോതിൽ അധ്യയനം ആരംഭിച്ചു. 23 മാസത്തിന് ശേഷമാണ് സ്കൂളുകൾ സമ്പൂർണതോതിൽ പ്രവർത്തിക്കുന്നത്. ഒരേ ക്ലാസിൽ പഠിക്കുന്നവരാണെങ്കിലും ബാച്ചുകളായതിനാൽ കുട്ടികൾക്ക് ഇതുവരെ ഒന്നിച്ചുകാണാനുള്ള അവസരമില്ലായിരുന്നു. അതിനാൽ കൂട്ടുകാരെ കണ്ട ആഹ്ലാദത്തിന്റെ ദിനം കൂടിയായിരുന്നു ഇന്നലെ.
ആദ്യദിനത്തിൽ സംസ്ഥാനത്ത് മൊത്തം 82.77 ശതമാനം വിദ്യാർഥികൾ ഹാജരായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ 80.23 ശതമാനം വിദ്യാർഥികൾ ഹാജരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 82.18 ശതമാനം പേരും വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 85.91 ശതമാനം പേരുമെത്തി.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെത്തിയത്- 93 ശതമാനം. പത്തനംതിട്ടയിലാണ് കുറവ് ഹാജർനില -51.9 ശതമാനം. ഹയർ സെക്കൻഡറിയിൽ ഏറ്റവും ഉയർന്ന ഹാജർ കാസർകോട് ജില്ലയിലാണ് -88.54 ശതമാനം. കുറവ് എറണാകുളത്തും -72.28 ശതമാനം. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഉയർന്ന ഹാജർ എറണാകുളത്തും (97 ശതമാനം) കുറവ് കണ്ണൂരിലുമാണ് (71.48 ശതമാനം).
മുന്നൊരുക്കങ്ങൾ ഗുണം ചെയ്തതായും ആദ്യദിനത്തിലെ മികച്ച ഹാജർനില ഇത് വ്യക്തമാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുഅവധി ദിനങ്ങൾ ഒഴികെയുള്ള ശനിയാഴ്ച ഉൾപ്പെടെ പ്രവൃത്തിദിനമാക്കിയാണ് സ്കൂളുകൾ പ്രവർത്തനം തുടങ്ങിയത്. രോഗവ്യാപനം കുറയുകയും പൊതുപരീക്ഷ അടുക്കുകയും ചെയ്തതോടെയാണ് സ്കൂളുകൾ പൂർണമായും തുറക്കാൻ തീരുമാനിച്ചത്. ബാച്ച് തിരിച്ചുള്ള അധ്യയനം അവസാനിപ്പിച്ചതോടെ ക്ലാസ് മുറികളിൽ കുട്ടികളുടെ എണ്ണവും വർധിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് 16നും പൊതുപരീക്ഷകൾ മാർച്ച് 30നും ആരംഭിക്കാനാണ് തീരുമാനം.
നിയന്ത്രണം പാളി
മുഴുവൻ വിദ്യാർഥികളെയും ഒരേസമയം എത്തിച്ചുള്ള അധ്യയനം തുടങ്ങിയതോടെ പല സ്കൂളുകളിലും നിയന്ത്രണങ്ങൾ പാളി. തലസ്ഥാനത്ത് ഉൾപ്പെടെ രാവിലെയും വൈകീട്ടും സ്കൂളുകൾക്കുമുന്നിൽ വൻ ആൾക്കൂട്ടമാണ് രൂപപ്പെട്ടത്.
കുട്ടികളെ കൊണ്ടുപോകാൻ സ്കൂൾ കവാടത്തിനു സമീപം രക്ഷാകർത്താക്കൾ ഉൾപ്പെടെ തടിച്ചുകൂടിയതാണ് കാരണം. പല സ്കൂളുകൾക്കുമുന്നിലും ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരം മണക്കാട് ഗവ. സ്കൂളിനുമുന്നിൽ സ്കൂൾ വിടുന്ന സമയത്ത് നൂറുകണക്കിനു പേരാണ് ഗേറ്റിൽ തടിച്ചുകൂടിയത്.
സ്കൂൾ വളപ്പിൽനിന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വരിയായി പുറത്തുവന്ന കുട്ടികൾ ആൾക്കൂട്ടത്തിനിടയിലേക്കാണ് ഇറങ്ങേണ്ടിവന്നത്. പിന്നീടാണ് പൊലീസെത്തി ആളുകളെ നിയന്ത്രിച്ചത്. കുട്ടികളെ കൊണ്ടുപോകാനുള്ള വാഹനങ്ങൾ കൂടി നിറഞ്ഞതോടെ പലയിടത്തും വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.