സ്കൂൾ അവധിയെച്ചൊല്ലി വ്യാജപ്രചാരണം; വലഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങൾവഴിയുള്ള വ്യാജപ്രചാരണങ്ങളിൽ വലഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് സൈബർ പൊലീസിൽ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും പ്രചാരണം തുടരുകയാണ്. ഒടുവിൽ സംസ്ഥാന സ്കൂൾ കലോത്സവം മാറ്റിവെക്കുന്നു, മുഴുവൻ ശനിയാഴ്ചകളും സ്കൂളുകൾക്ക് പ്രവൃത്തിദിനങ്ങളാക്കി എന്നിങ്ങനെയും പ്രചാരണമുണ്ടായി.
പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ അവധി കൊടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒാണത്തിന് മൂന്നുദിവസം മാത്രമേ അവധിയുണ്ടാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ ആഗസ്റ്റ് രണ്ടാം വാരത്തിൽ പ്രചാരണം നടന്നു. ഇതിനെതിരെ ഡയറക്ടർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. രണ്ടാം ശനി ഒഴികെ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയെന്നും ഇതു സംബന്ധിച്ച് ഏഴിന് അന്തിമ തീരുമാനമെടുക്കുമെന്നുമുള്ള രീതിയിൽ ചൊവ്വാഴ്ചയാണ് വ്യാജവാർത്ത പ്രചരിച്ചത്. ഇതു സത്യമാണെന്ന് കരുതിയ ചില ചാനലുകളും ഒാൺലൈൻ മാധ്യമങ്ങളും വാർത്തനൽകിയതോടെ ഡയറക്ടർ നിഷേധക്കുറിപ്പിറക്കി.
സ്കൂൾ കലോത്സവം ഉേപക്ഷിക്കാൻ തീരുമാനിച്ചെന്ന രീതിയിൽ തിങ്കളാഴ്ചയാണ് പ്രചാരണം നടന്നത്. ഇതു ചില മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. ഇതോടെ ഇക്കാര്യം നിഷേധിച്ച് ചൊവ്വാഴ്ച രാവിലെതന്നെ ഡയറക്ടർ പത്രക്കുറിപ്പിറക്കി. അതേസമയം, ഇതിനു പിന്നാലെ സ്കൂൾ കലോത്സവം, യുവജനോത്സവം, ചലച്ചിത്രമേള ഉൾപ്പെടെ ആഘോഷ, ഉത്സവ പരിപാടികൾ ഒരു വർഷത്തേക്ക് ഒഴിവാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത് വിവാദമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.