എൻ.ഐ.ആർ.എഫ് റാങ്കിങ് നേട്ടം ഉപയോഗിക്കാൻ കേരളം
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ (എൻ.ഐ.ആർ.എഫ്) കേരളത്തിലെ സർവകലാശാലകളും കോളജുകളും നടത്തിയ മെച്ചപ്പെട്ട പ്രകടനം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കുട്ടികളെ ആകർഷിക്കാൻ പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ തീരുമാനം.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയാറാക്കുകയും സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും ചെയ്ത ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേരളത്തിലെ കോളജുകളും സർവകലാശാലകളും എത്തിപ്പിടിച്ച നേട്ടങ്ങൾ പ്രചരിപ്പിക്കുന്നത്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് സ്റ്റഡി ഇൻ കേരള പദ്ധതി നടപ്പാക്കുന്നത്. കേരള, കുസാറ്റ്, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ വിവിധ കാറ്റഗറികളിലെ റാങ്കിങ്ങിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.
രാജ്യത്തെ മികച്ച സ്റ്റേറ്റ് പബ്ലിക് സർവകലാശാലകളിൽ കേരള സർവകലാശാല ഒമ്പതും കുസാറ്റ് 10ഉം എം.ജി 11ഉം കാലിക്കറ്റ് 43ഉം സ്ഥാനങ്ങളാണ് നേടിയത്. മൊത്തം സർവകലാശാലകളുടെ റാങ്കിങ്ങിൽ കേരള മുൻവർഷത്തേതിൽനിന്ന് നില മെച്ചപ്പെടുത്തി 21ാം സ്ഥാനത്തെത്തി.
കുസാറ്റ് 34ാം റാങ്കിലും എം.ജി 37ാം റാങ്കിലും കാലിക്കറ്റ് 89ാം റാങ്കിലുമെത്തി. ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി, എയിംസ് ഉൾപ്പെടെയുള്ള ഓവറോൾ കാറ്റഗറിയിലും കേരളത്തിലെ സർവകലാശാലകൾ മികച്ച പ്രകടനമാണ് നടത്തിയത്. ഈ വിഭാഗത്തിൽ കേരള സർവകലാശാല 38ഉം കുസാറ്റ് 51ഉം എം.ജി സർവകലാശാല 67ഉം സ്ഥാനങ്ങളിലെത്തി.
രാജ്യത്തെ മികച്ച 100 കോളജുകളിൽ 16 എണ്ണവും കേരളത്തിലാണ്. മികച്ച 150 കോളജുകളിൽ 26 എണ്ണവും 200 കോളജുകളിൽ 42 എണ്ണവും 300 കോളജുകളിൽ 71 എണ്ണവും കേരളത്തിലാണെന്നാണ് റാങ്കിങ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യ നൂറിൽ 14 കോളജുകൾ ഉണ്ടായിരുന്നത് ഇത്തവണ 16 എണ്ണമായി വർധിച്ചു.
വിദ്യാർഥികൾ തൊഴിൽസാധ്യത കൂടി പരിഗണിച്ച് ഉപരിപഠനത്തിനായി കൂട്ടത്തോടെ കേരളം വിടുന്നതിന്റെയും കോളജുകളിൽ വൻതോതിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിന്റെയും കണക്കുകൾ പുറത്തുവരുന്നതിനിടെയാണ് കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക റാങ്കിങ്ങിൽ കേരളത്തിലെ സ്ഥാപനങ്ങൾ പ്രകടനം മെച്ചപ്പെടുത്തുന്നത്.
അതേസമയം, കേരളത്തിൽനിന്ന് കൂടുതൽ വിദ്യാർഥികൾ പഠിക്കാൻ പോകുന്ന തമിഴ്നാട്ടിലെ 37 കോളജുകളാണ് ആദ്യ നൂറ് റാങ്കിങ്ങിൽ ഉൾപ്പെട്ടത്. ആദ്യ 200 റാങ്കിൽ 74 കോളജുകളും 300 റാങ്കിൽ 113 കോളജുകളും തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ കർണാടകയിലെ നാല് കോളജുകളാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടത്.
എട്ട് കോളജുകളാണ് ആദ്യ 300 റാങ്കിൽ ഉൾപ്പെട്ടത്. എന്നാൽ സർവകലാശാല വിഭാഗത്തിൽ ആദ്യ നൂറിൽ തമിഴ്നാട്ടിൽ 22 സർവകലാശാലകൾ ഇടംപിടിച്ചപ്പോൾ കർണാടകയിലെ 11 എണ്ണവും ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ സ്വകാര്യ സർവകലാശാലകളും കൽപിത സർവകലാശാലകളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.