കേരള സർവകലാശാലയിൽ വീണ്ടും സംവരണ അട്ടിമറിക്ക് കളമൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: നിയമനിർമാണത്തിലൂടെ തടയിട്ട സംവരണ അട്ടിമറിക്ക് കേരള സർവകലാശാലയിൽ വീണ്ടും കളമൊരുങ്ങുന്നു. സർവകലാശാലകളും കോളജുകളും അധ്യാപക നിയമനത്തിൽ സംവരണം പാലിക്കേണ്ടത് പഠനവകുപ്പ് തിരിച്ചുള്ള യൂനിറ്റുകളായി വേണമെന്ന യു.ജി.സി സർക്കുലറിെൻറ പേരിൽ നിലവിലെ സംവരണ രീതി മാറ്റിമറിക്കാനാണ് നീക്കം. 2013ലെ സർവകലാശാലാ നിയമഭേദഗതി പ്രകാരം തസ്തികകൾ തിരിച്ച് ഒറ്റയൂനിറ്റാക്കി കണക്കാക്കി നിയമനം നടത്തണം. ഇതുപ്രകാരം മുഴുവൻ പഠനവകുപ്പുകളിലെയും പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍ എന്നിവ ഒന്നിച്ച് പരിഗണിച്ച് സംവരണ ക്രമംപാലിക്കണം. ഇതുപാലിച്ച് 105 തസ്തികകളിൽ 57തസ്തികകള്‍ സംവരണ വിഭാഗത്തിലാക്കി നിയമന നടപടി തുടങ്ങിയിരുന്നു. ഇത് അട്ടിമറിക്കാനാണ് സിൻഡിക്കേറ്റിെൻറ നീക്കം. എന്നാൽ, പഠന വകുപ്പ് തിരിച്ചുള്ള യു.ജി.സി സർക്കുലർ നടപ്പാക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
പ്രഫസർ തസ്തികകളിലേക്ക് സംവരണ വിഭാഗത്തില്‍നിന്ന് നിയമനം നടത്തുന്നത് കേരള സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായിട്ടാണ്. ഇതുവരെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ പ്രഫസര്‍മാരായി നിയമിതരായത് സ്ഥാനക്കയറ്റംവഴി മാത്രമായിരുന്നു. മുന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർ മാത്രമായിരുന്നു പ്രഫസർ തസ്തികയിൽ നേരിട്ട് നിയമനം നേടിയിരുന്നത്. നിയമഭേദഗതിയോടെ ഇതിന് അറുതിയായിരുന്നു. ഇതു മറികടക്കാനാണ് യു.ജി.സി സർക്കുലർ ആയുധമാക്കി സിൻഡിക്കേറ്റിെൻറ നീക്കം. കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകൾ യു.ജി.സി സർക്കുലറിൽ സർക്കാറിെൻറ അഭിപ്രായം തേടിയിരിക്കെയാണ് കേരള സിൻഡിക്കേറ്റ് ധിറുതിപ്പെട്ട് സർക്കുലർ നടപ്പാക്കാൻ വഴിയൊരുക്കുന്നത്. എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റാക്കി സംവരണം നൽകുന്ന നിയമഭേദഗതിക്ക് 2013 സെപ്റ്റംബർ മുതൽ പ്രാബല്യമുണ്ട്. ഈഴവ, തിയ്യ, മുസ്ലിം, വിശ്വകര്‍മ, ഒ.ബി.സി, ലാറ്റിന്‍ കാത്തലിക്, പട്ടികജാതി, എസ്.ഐ.യു.സി നാടാര്‍ വിഭാഗങ്ങൾക്ക് അർഹമായി ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കാനാണ് സിൻഡിക്കേറ്റിെൻറ നീക്കമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
യു.ജി.സി സർക്കുലറിൽ വെവ്വേറെ റോസ്റ്റർ തയാറാക്കി സംവരണക്രമം പാലിക്കണമെന്നാണ് നിർദേശം. ഇതു നടപ്പാക്കണമെങ്കിൽ ഒാർഡിനൻസോ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കുകയോ വേണം. അതുവരെയും 2013ലെ നിയമഭേദഗതി നിലനിൽക്കും. ഇതു മറികടക്കാൻ കേരള സർവകലാശാല പുറപ്പെടുവിച്ച 105 അധ്യാപക ഒഴിവുകളുടെ വിജ്ഞാപനം റദ്ദാക്കാനാണ് സിൻഡിക്കേറ്റ് തന്ത്രം മെനയുന്നത്. നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം 43 അസി. പ്രഫസര്‍ തസ്തികയില്‍ 22 എണ്ണവും അസോ. പ്രഫസർ തസ്തികയിലെ 32ൽ 18 എണ്ണവും 30 പ്രഫസർ തസ്തികയില്‍ 17 എണ്ണവും സംവരണവിഭാഗങ്ങൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.